‘ഭാഗ്യവാൻ, ദൈവം രണ്ടാം ജീവിതം നൽകി...’; കാർ യാത്രികന്‍റെ ജീവൻ രക്ഷിച്ച് ക്രിക്കറ്റർ ഷമി
text_fieldsലോകകപ്പിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെ വിശ്രമത്തിലും വിനോദ യാത്രകളിലും മുഴുകിയിരിക്കുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. 24 വിക്കറ്റുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായിരുന്നു. ആസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പരയിൽ ഷമി ഉൾപ്പെടെയുള്ള മുൻനിര താരങ്ങളൊന്നും കളിക്കുന്നില്ല.
ഉത്തരാഖണ്ഡിലെ തടാകങ്ങളുടെ നഗരമായ നൈനിത്താളിലേക്കുള്ള യാത്രക്കിടെ ഒരു കാർ യാത്രികന്‍റെ ജീവൻ രക്ഷിക്കാനായതിന്‍റെ ചാരിതാർഥ്യത്തിലാണ് ഇപ്പോൾ താരം. ഇതിന്‍റെ സന്തോഷം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. നൈനിത്താളിലേക്കുള്ള യാത്രക്കിടെയാണ് ഷമി സഞ്ചരിച്ച കാറിനു തൊട്ടുമുന്നിലുള്ള വാഹനം അപകടത്തിൽപെടുന്നത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ ഷമിയും മറ്റു യാത്രക്കാരും കാറിന് പുറത്തിറങ്ങുകയും മറിഞ്ഞ കാറിലെ യാത്രക്കാരനെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.
ഷമിയുടെയും മറ്റു യാത്രക്കാരുടെയും സമയോചിത ഇടപെടലാണ് ഒരു ദുരന്തം ഒഴിവാക്കിയത്. മറിഞ്ഞ കാറിന്‍റെ ദൃശ്യങ്ങൾക്കൊപ്പം ഒരു കുറിപ്പും ഷമി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘അദ്ദേഹം വളരെ ഭാഗ്യവാനാണ്, ദൈവം അദ്ദേഹത്തിന് രണ്ടാം ജീവിതം നൽകി. നൈനിത്താളിനു സമീപത്തുവെച്ച് ഞാൻ സഞ്ചരിക്കുന്ന കാറിനു മുന്നിലുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഞങ്ങൾ അദ്ദേഹത്തെ സുരക്ഷിതമായി പുറത്തെത്തിച്ചു’ -താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സാധാരണ കുടുംബത്തിൽനിന്ന് പ്രതിസന്ധികളെ മറികടന്ന് കഠിനാധ്വാനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ബൗളർമാരിലൊരാളായി വളർന്നുവന്ന താരമാണ് ഷമി. ബൈക്ക്, കാർ, ട്രാക്ടർ, ബസ്, ട്രക്ക് എന്നിവയെല്ലാം ഓടിക്കുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു.
‘എനിക്ക് യാത്ര, ഫിഷിങ് ഇഷ്ടമാണ്, ഡ്രൈവിങ്ങും വളരെ ഇഷ്ടമാണ്. അതുപോലെ ബൈക്കും കാറും ഓടിക്കുന്നതും. എന്നാൽ ഇന്ത്യക്ക് വേണ്ടി കളിക്കാൻ തുടങ്ങിയതോടെ ഞാൻ ബൈക്ക് ഓടിക്കുന്നത് നിർത്തി. എനിക്ക് പരിക്കേറ്റാലോ? ഞാൻ ഹൈവേയിലൂടെ ബൈക്ക് ഓടിക്കാറുണ്ട്, ഗ്രാമത്തിലുള്ള അമ്മയെ കാണാൻ പോകുമ്പോഴും ബൈക്ക് ഓടിക്കാറുണ്ട് -ഷമി ഒരു യൂട്യൂബ് ചാനലിൽ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.