‘സുജൂദ് ചെയ്യാൻ ആരോടെങ്കിലും അനുവാദം ചോദിക്കണോ..?’; വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് മുഹമ്മദ് ഷമി
text_fieldsകിരീടം നേടാനായില്ലെങ്കിലും ഈ ലോകകപ്പിലെ ഹീറോയാണ് മുഹമ്മദ് ഷമി. ലീഗ് റൗണ്ടിലെ ആദ്യ നാലു മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന താരം തുടർന്ന് കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകൾ വീഴ്ത്തി ലോകകപ്പിലെ വിക്കറ്റ്‍വേട്ടക്കാരിൽ ഒന്നാമനായി മാറിയിരുന്നു. ഇപ്പോഴിതാ രാജ്യത്തെ രണ്ടാമത്തെ വലിയ കായിക പുരസ്കാരമായ അർജുന അവാർഡിനുള്ള നാമനിർദേശപ്പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് താരം. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ (ബി.സി.സി.ഐ) പ്രത്യേക അഭ്യർഥനയെ തുടർന്നായിരുന്നു ഉത്തർ പ്രദേശുകാരനെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
അതേസമയം, ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെയുണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഒരു വിവാദത്തിൽ പ്രതികരിച്ചിരിക്കുകയാണിപ്പോൾ മുഹമ്മദ് ഷമി. ലോകകപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടിയതിന് പിന്നാലെ സുജൂദ് (സാഷ്ടാംഗം ചെയ്യുക) ചെയ്യുന്ന രീതിയിൽ കുനിഞ്ഞ ശേഷം ഷമി പിന്മാറിയതായി സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതി പരിഗണിച്ച് വിവാദം ഭയന്നാണ് താരം അങ്ങനെ ചെയ്തതെന്നായിരുന്നു പ്രചാരണം. ദൈവത്തിന് നന്ദി പ്രകടിപ്പിക്കാൻ പോലും ഇന്ത്യയിൽ സ്വാതന്ത്ര്യമില്ലാതായെന്ന തരത്തിൽ പാകിസ്താനിൽ നിന്നുള്ള ചില എക്സ് ഹാൻഡിലുകൾ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.
എന്നാൽ, സുജൂദ് വിവാദത്തിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് ഷമി. ആജ് തക് ടിവിയുടെ 'അജണ്ട ആജ് തക്' പരിപാടിയിലായിരുന്നു പ്രതികരണം. തനിക്ക് സുജൂദ് ചെയ്യണമെങ്കിൽ താൻ ചെയ്യുമെന്നും അത് ആര് തടയുമെന്നുമായിരുന്നു ഷമി ചോദിച്ചത്. അഭിമാനത്തോടെ ഒരു മുസ്‍ലിമാണെന്നും ഇന്ത്യക്കാരനാണെന്നും പറയുമെന്നും അദ്ദേഹം തുറന്നടിച്ചു.
'ആർക്കെങ്കിലും സുജൂദ് ചെയ്യണമെന്നുണ്ടെങ്കിൽ ഞാൻ ചെയ്യും. ആര് തടയാനാണ് ? ഞാൻ നിങ്ങളുടെ മതത്തിൽ നിന്ന് ആരെയും തടയില്ല. അതുപോലെ എന്നെയും ആർക്കും തടയാനാകില്ല. എനിക്ക് സുജൂദ് ചെയ്യണമെങ്കിൽ ഞാൻ ചെയ്യും. ഞാൻ അഭിമാനത്തോടെ മുസ്‌ലിമാണെന്നും ഇന്ത്യക്കാരനാണെന്നും പറയുന്നു. സുജൂദ് ചെയ്യുന്നതിൽ എന്താണ് പ്രശ്നമുള്ളത്? അതിന് ആരുടെയെങ്കിലും സമ്മതം ആവശ്യമുണ്ടോ..? അങ്ങനെയാണെങ്കിൽ ഞാൻ ഈ രാജ്യത്ത് നിൽക്കണോ? ഞാനും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലുമൊക്കെ സുജൂദ് വിവാദം കണ്ടു. ഞാൻ സുജൂദ് ചെയ്യാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ ചെയ്തില്ലെന്നായിരുന്നു ചിലരുടെ വാദം. ഞാൻ ഇതിന് മുമ്പും അഞ്ച് വിക്കറ്റ് നേട്ടം നേടിയിരുന്നു. അന്നും സുജൂദ് ചെയ്തിട്ടില്ല. സുജൂദ് ചെയ്യണമെങ്കിൽ പറയൂ എവിടെ ചെയ്യണമെന്ന്. ഇന്ത്യയിൽ എവിടെയും ചെയ്യാം. ഇവർക്ക് നമ്മളെ ബുദ്ധിമുട്ടിക്കുകയല്ലാതെ വേറെ ലക്ഷ്യമൊന്നുമില്ല. ഇക്കൂട്ടർ എന്റെ കൂടെയുമല്ല, നിങ്ങളുടെ കൂടെയുമല്ല. അവർ ആരെയും ഇഷ്ടപ്പെടുന്നില്ല. വിവാദങ്ങളെയാണ് താൽപര്യം. അവർക്ക് കണ്ടൻറ് മതി'. - ആജ്തക് അഭിമുഖത്തിൽ ഷമി വ്യക്തമാക്കി. ഭൂമിയിൽ വേറൊരു പണിയുമില്ലാതെ വെറുതെയിരിക്കുന്ന ഇത്രയധികം ആളുകളുണ്ടോ..? എന്നും താരം ചോദിച്ചു.
തന്റെ പരമാവധി കഴിവ് പുറത്തെടുത്താണ് അഞ്ച് വിക്കറ്റ് നേടിയതെന്നും ഷമി വിശദീകരിച്ചു. മൂന്നു വിക്കറ്റ് നേടിയപ്പോൾ മൂന്നാല് ഓവറിനുള്ളിൽ അഞ്ച് തികയ്ക്കാനായിരുന്നു ആഗ്രഹമെന്നും അതിനാൽ പരമാവധി പ്രകടനം പുറത്തെടുത്തെന്നും താരം പറഞ്ഞു. ലങ്കയ്‌ക്കെതിരായ മത്സരത്തിൽ 200 ശതമാനം ഊർജവുമെടുത്ത് ബൗൾ ചെയ്ത് ക്ഷീണിച്ച് മുട്ടുകുത്തിയിരുന്നുപോയതാണെന്നും ഷമി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.