വീണ്ടും ഹീറോയാവാൻ ഷമി തിരിച്ചുവരുന്നു; പരിശീലനം ആരംഭിച്ചു - വിഡിയോ
text_fieldsന്യൂഡൽഹി: ഏകദിന ലോകകപ്പിന് പിന്നാലെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പേസ് ബൗളർ മുഹമ്മദ് ഷമി ഇന്ത്യൻ ടീമിലേക്ക് വൈകാതെ തിരിച്ചെത്തിയേക്കും. നെറ്റ്സിൽ പന്തെറിയുന്നതിന്റെ വിഡിയോ താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. കാൽക്കുഴക്ക് പരിക്കേറ്റ ഷമി ഈ വർഷമാദ്യം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പരിക്ക് വില്ലനായതോടെ നാട്ടിൽ ആസ്ട്രേലിയക്കെതിരെ നടന്ന പരമ്പരയും ഐ.പി.എല്ലും ട്വന്റി20 ലോകകപ്പും ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ താരത്തിന് നഷ്ടമായി.
ഏകദിന ലോകകപ്പിൽ പരിക്ക് വകവെക്കാതെയാണ് ഷമി മത്സരങ്ങൾക്കിറങ്ങിയത്. ടൂർണമെന്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാവാനും താരത്തിനു കഴിഞ്ഞു. ഏഴു മത്സരങ്ങളിൽനിന്ന് 24 വിക്കറ്റാണ് 33കാരൻ എറിഞ്ഞിട്ടത്. പരിക്കിൽനിന്ന് മോചിതനായെങ്കിലും ഫിറ്റ്നസ് വീണ്ടെടുത്താൽ മാത്രമേ ഷമിക്ക് പ്രഫഷനൽ ക്രിക്കറ്റിലേക്ക് തിരിച്ചെത്താനാകൂ. നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽനിന്ന് മെഡിക്കൽ ക്ലിയറൻസും കിട്ടേണ്ടതുണ്ട്.
ട്വന്റി20 ലോകകപ്പിൽ ഷമിയുടെ അഭാവത്തിൽ ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിങ്ങുമാണ് ഇന്ത്യൻ പേസ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ടൂർണമെന്റിൽ ഇരുവരും ചേർന്ന് 32 വിക്കറ്റ് പിഴുതു. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഈ മാസം ഒടുവിൽ ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള തയാറെടുപ്പിലാണ് ടീം ഇന്ത്യ. മൂന്ന് വീതം ട്വന്റി20, ഏകദിന മത്സരങ്ങളാണ് ഇന്ത്യ ലങ്കയിൽ കളിക്കുക. ടീം പ്രഖ്യാപനം ബുധനാഴ്ചയുണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.