ഷമിക്ക് പരിക്കുകളുടെ കാലം! താരത്തിന്‍റെ ബോർഡർ ഗവാസ്കർ ട്രോഫി സ്വപ്നത്തിന് തിരിച്ചടി
text_fieldsനാട്ടിലെ ടെസ്റ്റ് പരമ്പര ന്യൂസിലൻഡിനു മുന്നിൽ അടിയറവെച്ചതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതയും തുലാസിലാണ്. ആസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ നാലു ടെസ്റ്റുകളെങ്കിലും ജയിച്ചെങ്കിൽ മാത്രമേ, ഇന്ത്യക്ക് ഫൈനൽ സാധ്യതയുള്ളു. അതുമല്ല മറ്റു ടീമുകളുടെ മത്സര ഫലങ്ങളെയും ആശ്രയിക്കേണ്ടിവരും.
ഓസീസിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചെങ്കിലും പ്രതീക്ഷിച്ചതുപോലെ പേസർ മുഹമ്മദ് ഷമി സ്ക്വാഡിലില്ല. പരിക്കിൽനിന്ന് പൂർണ മുക്തനാകാത്തതാണ് താരത്തെ വലക്കുന്നത്. ഇതിനിടെ മൂന്നാം ടെസ്റ്റ് മത്സരം മുതൽ ഷമി ടീമിനൊപ്പം ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, പരിശീലനത്തിനിടെ താരത്തിന് പുതുതായി പരിക്കേറ്റെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ ബോർഡർ ഗവാസ്കർ ട്രോഫിയിൽ താരം കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
കാൽമുട്ടിനും കണങ്കാലിനുമേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരം ഏകദിന ലോകകപ്പിലാണ് ഇന്ത്യക്കുവേണ്ടി അവസാനമായി കളിച്ചത്. ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേരാനുള്ള അവസാന തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് പുതുതായി പേശിക്ക് പരിക്കേറ്റതായുള്ള സൂചനകൾ പുറത്തുവരുന്നത്.
ഓസീസിനെതിരായ പരമ്പരയിൽ തിരിച്ചെത്താനായി ബംഗാളിന് വേണ്ടി രഞ്ജി ട്രോഫി കളിക്കാനിരിക്കെയാണ് ഷമിക്ക് പരിക്കേൽക്കുന്നത്. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ബംഗാൾ ടീമിൽ ഷമിയുടെ പേരില്ല. കർണാടക, മധ്യപ്രദേശ് എന്നീ ടീമുകൾക്കെതിരെയാണ് ബംഗാളിന് മത്സരം. അടുത്തിടെ നൂറ് ശതമാനം ഫിറ്റ്നസിൽ തനിക്ക് പന്തെറിയാൻ കഴിയുന്നുണ്ടെന്ന് ഷമി വെളിപ്പെടുത്തിയിരുന്നു. അവസാന ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ ആസ്ട്രേലിയയിലേക്ക് പോകുമെന്നും താരം പറഞ്ഞിരുന്നു.
കഴിഞ്ഞ രണ്ട് തവണയും ആസ്ട്രേലിയയിൽ പരമ്പര നേടി ചരിത്രനേട്ടം സ്വന്തമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല. കീവീസിനോട് സമ്പൂർണ പരമ്പര തോൽവി വഴങ്ങി ആത്മവിശ്വാസം നഷ്ടപ്പെട്ട രോഹിത് ശർമയും സംഘവുമാണ് ആസ്ട്രേലിയയിലേക്ക് വിമാനം കയറുന്നത്. നവംബർ 22ന് പെർത്തിലാണ് ഒന്നാം ടെസ്റ്റ്. ഒന്നാം ടെസ്റ്റിൽ നായകൻ രോഹിത് കളിക്കില്ലെന്ന തരത്തിലും വാർത്തകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.