‘മുഹമ്മദ് ഷമി ക്രിക്കറ്റ് ഉപേക്ഷിക്കുമായിരുന്നു, പിന്തിരിപ്പിച്ചത് രവി ശാസ്ത്രി’; വെളിപ്പെടുത്തലുമായി മുൻതാരം
text_fieldsഒരു ദശകമായി ഇന്ത്യൻ ബൗളിങ്ങിന്‍റെ നെടുംതൂണാണ് പേസർ മുഹമ്മദ് ഷമി. ആസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ ബൗളിങ്ങിനെ നയിക്കുന്നതും ഈ സൂപ്പർതാരമാണ്. 32കാരനായ താരം ഇതുവരെ 61 ടെസ്റ്റുകളിൽനിന്ന് 219 വിക്കറ്റുകളാണ് നേടിയത്.
87 ഏകദിനത്തിൽനിന്ന് 159 വിക്കറ്റും 23 ട്വന്‍റി20യിൽനിന്ന് 24 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 2013ൽ ഇന്ത്യക്കായി കളി തുടങ്ങിയ താരത്തിന്‍റെ കരിയറിൽ പലപ്പോഴും പരിക്കുകൾ വിടാതെ പിന്തുടർന്നു. ഇതിനിടെ താരം ക്രിക്കറ്റ് തന്നെ മതിയാക്കാൻ ആഗ്രഹിച്ചിരുന്നതായും മുൻ പരിശീലകൻ രവി ശാസ്ത്രിയുടെ ഇടപെടലാണ് അന്ന് നിർണായകമായതെന്നും മുൻ ഇന്ത്യൻ താരവും മുൻ ബൗളിങ് പരിശീലകനുമായ ഭരത് അരുൺ വെളിപ്പെടുത്തി.
‘2018ലെ ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുമ്പായി ഞങ്ങൾ ഫിറ്റ്നസ് ടെസ്റ്റ് നടത്തിയിരുന്നു, ഷമി അതിൽ പരാജയപ്പെട്ടു. ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്ടമായി. പിന്നാലെ അവൻ എന്നെ വിളിച്ച് സംസാരിക്കണമെന്ന് പറഞ്ഞതിനെ തുടർന്ന് ഞാൻ താരത്തിന്‍റെ മുറിയിലേക്ക് പോയി. അവന് വ്യക്തിപരമായ ചില പ്രശ്നങ്ങളുണ്ടായിരുന്നു. അത് താരത്തിന്‍റെ ശാരീരികക്ഷമതയെ ബാധിച്ചു, മാനസികമായി അവൻ തളർന്നുപോയി. എനിക്ക് ദേഷ്യം കൂടുതലാണെന്നും ക്രിക്കറ്റ് ഉപേക്ഷിക്കണമെന്നും പറഞ്ഞു. ഞാൻ ഉടൻ തന്നെ ഷമിയുമായി രവി ശാസ്ത്രിയുടെ അടുത്തേക്ക് പോയി. രവീ, ഷമിക്ക് ചിലകാര്യങ്ങൾ പറയാനുണ്ടെന്ന് ഞാൻ പറഞ്ഞു. അതെന്താണെന്ന് രവി ചോദിച്ചു. ക്രിക്കറ്റ് കളിക്കാൻ താൽപര്യമില്ല എന്ന് ഷമി തന്നോട് പറഞ്ഞു. ഞങ്ങൾ രണ്ടുപേരും ചോദിച്ചു, ‘ക്രിക്കറ്റ് കളിച്ചില്ലെങ്കിൽ എന്ത് ചെയ്യും?’ നിങ്ങൾക്ക് മറ്റെന്താണ് അറിയാവുന്നത്?’ -ഭരത് അരുൺ പറയുന്നു.
പിന്നാലെ ഷമിയെ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയക്കുകയാണ് രവി ശാസ്ത്രി ചെയ്തത്. ഈ ഇടപെടൽ നിർണായകമായെന്നും പിന്നാലെ താരം തീരുമാനം മാറ്റിയെന്നും ഭരത് വ്യക്തമാക്കി. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ഒന്നാം ടെസ്റ്റിൽ മൂന്നു വിക്കറ്റാണ് താരം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.