'അച്ഛനോടൊപ്പം ഓട്ടോ ഓടിക്കാന്‍ പോകൂ'; ഐ.പി.എൽ കരിയര്‍ അവസാനിച്ചുവെന്ന് കരുതിയ നിമിഷം വിവരിച്ച് മുഹമ്മദ് സിറാജ്
text_fieldsന്യൂഡൽഹി: 2019 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി മോശം പ്രകടനത്തോടെ തന്റെ ഐ.പി.എൽ കരിയര്‍ അവസാനിച്ചുവെന്നാണ് കരുതിയതെന്ന് ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജ്. ഇത്തവണ ഐ.പി.എല്ലില്‍ ആര്‍സിബി നിലനിര്‍ത്തിയ താരങ്ങളിൽ ഒരാളാണ് സിറാജ്.
'2019ൽ ആർ.സി.ബിക്കായി പുറത്തെടുത്ത പ്രകടനം മോശമായതോടെ ഐ.പി.എൽ കരിയറിന് അവസാനമായെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഇനിയും സമയമുണ്ടെന്ന് പിന്നീടാണ് ഞാൻ മനസിലാക്കിയത്. ശേഷം ഞാനെന്നിൽ തന്നെ വിശ്വാസമർപ്പിച്ചു. എന്നെ പിന്തുണച്ച ആർ.സി.ബി മാനേജ്മെന്‍റിന് നന്ദി അറിയിക്കുന്നു. 2020ൽ കെ.കെ.ആറിനെതിരായ മത്സരം എന്‍റെ ജീവിതം മാറ്റിമറിക്കുകയായിരുന്നു'-സിറാജ് ആർ.സി.ബി പോഡ്കാസ്റ്റിൽ പറഞ്ഞു.
2019 സീസണില്‍ ആദ്യ ഒമ്പത് മത്സരങ്ങളിൽ നിന്ന് വെറും ഏഴ് വിക്കറ്റാണ് സിറാജിന് നേടാനായത്. കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തിൽ 2.2 ഓവറിൽ 36 റൺസ് വഴങ്ങി.
'കൊല്‍ക്കത്തയ്ക്കെതിരെ രണ്ട് ബീമറുകള്‍ എറിഞ്ഞപ്പോള്‍ ക്രിക്കറ്റ് മതിയാക്കി അച്ഛനോടൊപ്പം ഓട്ടോ ഓടിക്കാന്‍ പോകൂ എന്ന് പറഞ്ഞവരുണ്ട്. അത്തരത്തിൽ ധാരാളം കമന്റുകൾ വന്നു. ഇതിന് പിന്നിലെ കഷ്ടപ്പാടുകൾ ആളുകൾക്കറിയില്ല' -താരം പറഞ്ഞു.
എന്നാൽ ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആളുകൾ തങ്ങളെ കുറിച്ച് പറയുന്ന കാര്യങ്ങൾ ചെവികൊടുക്കരുതെന്ന് മഹേന്ദ്ര സിങ് ധോണി പറഞ്ഞ വാക്കുകള്‍ തനിക്ക് വലിയ പ്രചോദനം ആയെന്ന് മുഹമ്മദ് സിറാജ് പറഞ്ഞു.
അന്ന് തന്നെ പരിഹസിച്ച ആളുകള്‍ ഇപ്പോള്‍ താന്‍ മികച്ച ബൗളര്‍ ആണെന്ന് തിരുത്തിയിട്ടുണ്ട്. എന്നാൽ താൻ ആരുടെയും അഭിപ്രായം ഗൗനിക്കുന്നില്ലെന്നും സിറാജ് കൂട്ടിചേര്‍ത്തു. ഐ.പി.എല്ലിൽ ആർ.സി.ബിക്കായി മിന്നുന്ന പ്രകടനം കാഴ്ചവെച്ചതോടെ 2020-21 സീസണിലെ ആസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് സിറാജിനെ വിളിവന്നിരുന്നു. ആ സീസണിൽ ടൂർണമെന്റ് ചരിത്രത്തിൽ രണ്ട് മെയ്ഡൻ ഓവർ എറിയുന്ന ആദ്യത്തെ ബൗളറായി സിറാജ് മാറി.
ഇക്കുറി ആർ.സി.ബി നിലനിർത്തിയ മൂന്ന് കളിക്കാരിൽ ഒരാളാണ് സിറാജ്. വിരാട് കോഹ്ലിയും ഗ്ലെൻ മാക്സ്വെല്ലുമാണ് മറ്റ് രണ്ട് കളിക്കാർ. ഐ.പി.എൽ 2022ന് മുന്നോടിയായുള്ള മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിൽ ബെംഗളൂരുവിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.