പിതാവിന്‍റെ മരണവും വംശീയ അധിക്ഷേപവും തളർത്തിയില്ല; സിറാജ് മടങ്ങുന്നത് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിൽ മുമ്പനായി
text_fieldsപതറാൻ കാരണങ്ങൾ ഏറെയുണ്ടായിരുന്നു മുഹമ്മദ് സിറാജിന്. ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഇടംപിടിച്ച് സിഡ്നിയിലെത്തി സ്വപ്നതുല്യമായ അരങ്ങേറ്റത്തിന് കാത്തിരിക്കുേമ്പാഴായിരുന്നു നാട്ടിൽ നിന്നും പിതാവിന്‍റെ മരണവാർത്തയെത്തുന്നത്. ഹൈദരാബാദ് നഗരത്തിലെ ഓട്ടോതൊഴിലാളിയായിരുന്ന പിതാവ് മുഹമ്മദ് ഗൗസാണ് സിറാജിന് വളരാനുള്ള വെള്ളവും വളവും നൽകി വളർത്തിയത്. മാതാവിന്‍റെ നിർബന്ധപ്രകാരം നാട്ടിലേക്ക് മടങ്ങാതെ ആസ്ട്രേലിയയിൽ തുടർന്ന സിറാജ് അഭിമാനത്തോടെയാണ് തിരികെപ്പറക്കുന്നത്.
ഒന്നാംടെസ്റ്റിനിടെ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെയാണ് രണ്ടാംടെസ്റ്റിൽ സിറാജിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതിയുണ്ടായിരുന്ന മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റ് ഏതൊരു താരത്തിനും മോഹിപ്പിക്കുന്ന അരങ്ങേറ്റവേദിയായിരുന്നു. ദേശീയ ഗാനത്തിന് വേണ്ടി ടീമുകൾ അണിനിരന്നപ്പോൾ പിതാവിനെയോർത്ത് കണ്ണുനിറഞ്ഞ സിറാജിന്‍റെ മുഖം ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഇപ്പോഴുമുണ്ട്.
സിഡ്നിയിൽ ബൗണ്ടറി ലൈനിനരികിൽ ഫീൽഡ് ചെയ്യവേ ആസ്ട്രേലിയൻ വർണവെറിയൻമാരുടെ ക്രൂരമായ വംശീയ അധിക്ഷേപങ്ങൾക്കും സിറാജ് പലകുറി വിധേയനായി. കേട്ടാലറക്കുന്ന വാക്കുകൾ വിളിച്ചുകൂവിയ ആസ്ട്രേലിയൻ കാണികളുടെ വംശീയമുനകളേറ്റ് അംപയറോട് സിറാജ് പലകുറി പരാതിപ്പെട്ടു. ബ്രിസ്ബേനിൽ നടന്ന അവസാന ടെസ്റ്റിലും സിറാജിന് സമാനമായ അനുഭവം നേരിേടണ്ടി വന്നു.
പക്ഷേ ഇതൊന്നും സിറാജിന്‍റെ പ്രഹരശേഷിയെ തളർത്തിയില്ല. ടീമിലിടം പിടിക്കുമോയെന്ന് ഉറപ്പില്ലാതെ ആസ്ട്രേലിയയിലെത്തിയ സിറാജ് പരമ്പരകഴിയുേമ്പാൾ 13 വിക്കറ്റുകളുമായി ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിൽ മുമ്പനായാണ് നാട്ടിലേക്ക് പറക്കുന്നത്. ഗാബ്ബയിലെ ഇന്ത്യൻ വിജയത്തിൽ നിർണായകമായ അഞ്ചുവിക്കറ്റ് നേട്ടം ഇതിൽ തിളങ്ങി നിൽക്കുന്നു. ഐ.പി.എല്ലിലെയും ഇന്ത്യൻ ടീമിലെയും മിന്നുന്ന പ്രകടനത്തിന് ശേഷം വീടണയുേമ്പാൾ ആലിംഗനം ചെയ്യാൻ പിതാവുണ്ടാകില്ലെന്ന സങ്കടം മാത്രം അപ്പോഴും ശേഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.