ചരിത്രവിജയത്തിന് ശേഷം നാട്ടിലെത്തിയ സിറാജ് എയർപോർട്ടിൽ നിന്നും നേരെ തിരിച്ചത് പിതാവിന്‍റെ ഖബറിടത്തിലേക്ക്
text_fieldsഹൈദരബാദ്: ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ ഉജ്ജ്വലപ്രകടനത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തിയ സിറാജ് എയർപോർട്ടിൽ നിന്നും നേരെ തിരിച്ചത് പിതാവിന്‍റെ ഖബറിടത്തിലേക്ക്. സിറാജ് ഇന്ത്യൻ ടീമിനൊപ്പം ആസ്ട്രേലിയൻ പര്യടനത്തിലായിരിക്കവേയാണ് സിറാജിന്‍റെ പിതാവ് മുഹമ്മദ് ഗൗസ് അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത്.
തുടർന്ന് മാതാവിന്‍റെ നിർദേശത്തെത്തുടർന്ന് സിറാജ് ആസ്ട്രേലിയയിൽ തന്നെ തുടരുകയായിരുന്നു. ടെസ്റ്റ് അരങ്ങേറ്റത്തിനിടെ ദേശീയ ഗാനത്തിനിടെ കണ്ണുനിറഞ്ഞ് നിൽക്കുന്ന സിറാജിന്‍റെ ദൃശ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷേ പിതാവിന്‍റെ മരണത്തെയും ആസ്ട്രേലിയൻ കാണികളുടെ വംശീയാധിക്ഷേപങ്ങളെയും അതിജീവിച്ച സിറാജ് പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരമായാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇന്ത്യ ചരിത്ര വിജയം നേടിയ ഗാബ്ബ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ അഞ്ചുവിക്കറ്റുമായി സിറാജ് ഏറെ തിളങ്ങിയിരുന്നു.
സിറാജ് ഇന്ത്യൻടീമിലിടം പിടിച്ചതോടെ ഹൈദരാബാദിലെ ഓട്ടോതൊഴിലാളിയായിരുന്ന പിതാവ് മുഹമ്മദ് ഗൗസ് വാർത്തകളിലിടം പിടിച്ചിരുന്നു. 63കാരനായ ഗൗസ് ശ്വാസകോശ അസുഖങ്ങളെത്തുടർന്നാണ് മരണപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.