ഇന്ത്യൻ ടീമിലെ വിവരങ്ങൾ തേടി ഒരാൾ തന്നെ സമീപിച്ചെന്ന് സിറാജ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ ടീമിനകത്തെ വാർത്തകൾ തേടി തന്നെയൊരാൾ സമീപിച്ചിരുന്നതായി പേസർ മുഹമ്മദ് സിറാജ്. ഇക്കാര്യം അന്നുതന്നെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ അഴിമതിവിരുദ്ധ യൂനിറ്റിനെ താരം അറിയിച്ചിരുന്നുവെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ വെളിപ്പെടുത്തി.
വാതുവെപ്പുകാരനല്ല സിറാജിനെ സമീപിച്ചതെന്നും ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ സംബന്ധിച്ച് പന്തയം നടത്തിയിരുന്ന ആരാധകനാണെന്നും പറയപ്പെടുന്നു. വാട്സ്ആപ്പിലാണ് താരത്തിന് സന്ദേശമയച്ചത്. ഇക്കാര്യം ഉടൻതന്നെ സ്ക്രീൻ ഷോട്ടുകളടക്കം ഹാജരാക്കി അഴിമതിവിരുദ്ധ യൂനിറ്റിൽ സിറാജ് റിപ്പോർട്ട് ചെയ്തു. ഹൈദരാബാദുകാരനായ ഓട്ടോ ഡ്രൈവറെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി ആവശ്യമായ നടപടികൾ കൈക്കൊണ്ടതായും ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, എപ്പോഴാണ് പന്തയക്കാരൻ സിറാജിന് സന്ദേശയമച്ചതെന്ന് വ്യക്തമല്ല. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരമായ സിറാജിനോട് ഐ.പി.എൽ സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചതെന്നാണ് ആദ്യം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പിന്നീട് ഇത് തിരുത്തിയ പി.ടി.ഐ, ഫെബ്രുവരിയിൽ ആസ്ട്രേലിയൻ ടീം ഇന്ത്യയിലെത്തുന്നതിനു മുമ്പാണ് സംഭവമെന്ന് വ്യക്തമാക്കി.
ട്വന്റി20 ലോകകപ്പിനുശേഷം കഴിഞ്ഞ നവംബറിൽ ഇന്ത്യൻ ടീം ന്യൂസിലൻഡിൽ പര്യടനം നടത്തവെയാണ് സിറാജ് അഴിമതിവിരുദ്ധ യൂനിറ്റിന് വിവരം കൈമാറിയതെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘സ്പോർട്സ് സ്റ്റാർ’ റിപ്പോർട്ട് ചെയ്യുന്നു. മാസങ്ങൾക്കു മുമ്പ് നടന്ന ഈ സംഭവത്തിന് ഇപ്പോൾ നടക്കുന്ന ഐ.പി.എല്ലുമായി ബന്ധമില്ലെന്നാണ് ഇവരുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.