കാക്കിയണിഞ്ഞ് സിറാജ്! തെലങ്കാന പൊലീസിൽ ഡി.എസ്.പിയായി ചുമതലയേറ്റ് ഇന്ത്യൻ പേസർ
text_fieldsഹൈദരാബാദ്: തെലങ്കാന പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡി.എസ്.പി) പദവിയിൽ ഔദ്യോഗികമായി ചുമതലയേറ്റ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. വെള്ളിയാഴ്ച ഡി.ജി.പി ഓഫിസിലെത്തിയാണ് താരം ചുമതലയേറ്റത്.
ഹൈദരാബാദ് സ്വദേശിയായ സിറാജിന് ഗ്രൂപ്പ്-വൺ പദവിയുള്ള സർക്കാർ ജോലി നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനമാണ് പൂര്‍ത്തിയാക്കിയത്. എം. അനിൽ കുമാർ യാദവ് എം.പി, തെലങ്കാന മൈനോരിറ്റീസ് റെസിഡെൻഷ്യൽ എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റി പ്രസിഡന്‍റ് മുഹമ്മദ് ഫഹീമുദ്ദീൻ ഖുറൈശി എന്നിവർക്കൊപ്പമാണ് സിറാജ് ഡി.ജി.പി ഓഫിസിലെത്തിയത്. നിയമനം സംബന്ധിച്ച വിവരം തെലങ്കാന പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
സിറാജിന്റെ ക്രിക്കറ്റ് നേട്ടങ്ങൾക്കും സംസ്ഥാനത്തോടുള്ള അര്‍പ്പണബോധത്തിനുമാണ് ഈ പദവിയെന്നും പുതിയ റോളിൽ ഏവർക്കും പ്രചോദനമായി അദ്ദേഹം ക്രിക്കറ്റിൽ തുടരുമെന്നും പൊലീസിന്‍റെ കുറിപ്പിൽ പറയുന്നു. തെലങ്കാന മുഖ്യമന്ത്രിക്ക് സിറാജ് നന്ദി പറഞ്ഞു. ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യമായ സിറാജ്, ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം വിശ്രമത്തിലാണ്.
ട്വന്‍റി20 ടീമില്‍ സിറാജിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരം കളിക്കും. ഒക്ടോബർ 16ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.