ഞങ്ങൾക്ക് ഒരു ജയമുണ്ട്, നിങ്ങൾ 'സംപൂജ്യർ'; ഇംഗ്ലീഷ് കാണികളെ ട്രോളി സിറാജ്
text_fieldsലീഡ്സ്: ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇംഗ്ലീഷ് ആരാധകരുടെ പ്രകോപിപ്പക്കലിന് കുറവില്ല. മത്സരത്തിനിടെ ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുകയായിരുന്ന യുവ പേസ് ബൗളർ മുഹമ്മദ് സിറാജിനുനേരെ ഗാലറിയിൽനിന്ന് ഇംഗ്ലീഷ് ആരാധകർ പന്ത് വലിച്ചെറിഞ്ഞിരുന്നു. ഇതിന് ഇംഗ്ലീഷ് കാണികളെ ട്രോളി സിറാജ് മറുപടി നൽകുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ആദ്യദിനത്തിലാണ് ഗ്രൗണ്ടിൽ നാടകീയരംഗങ്ങൾ അരങ്ങേറിയത്. സിറാജിനുനേരെ ഗാലറിയിൽനിന്ന് ഇംഗ്ലിഷ് ആരാധകർ പന്ത് വലിച്ചെറിയുകയായിരുന്നു. സഹതാരം ഋഷഭ് പന്ത് ഇക്കാര്യം നായകൻ കോഹ്ലിയെ അറിയിക്കുകയും ചെയ്തു. കാണികളുടെ പ്രവൃത്തിയിൽ ദേഷ്യം പ്രകടിപ്പിച്ച കോഹ്ലി അവർ എറിഞ്ഞ പന്ത് പുറത്തേക്കെറിയാൻ സിറാജിനോട് ആവശ്യപ്പെടുകയും അമ്പയറിനോട് പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു. പ്രകോപനം സൃഷ്ടിച്ച കാണികൾക്ക് അവർ അർഹിക്കുന്ന രീതിയിൽ മറുപടി നൽകുന്ന സിറാജിന്‍റെ വീഡിയോ ആണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആദ്യദിവസം ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യയെ കളിയാക്കുന്ന ഇംഗ്ലീഷ് ആരാധകരോട് പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലാണെന്ന് സിറാജ് ആംഗ്യം കാണിക്കുന്നതാണ് വീഡിയോയിലുള്ളത്. ഞങ്ങൾ ഒരു മത്സരം ജയിച്ചെന്നും നിങ്ങൾ ഇപ്പോഴും പൂജ്യമാണെന്നുമാണ് സിറാജ് ആംഗ്യത്തിലൂടെ കാട്ടിയത്.
കഴിഞ്ഞ ആസ്ത്രേലിയൻ പര്യടനത്തിൽ സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽെവച്ച് ആസ്ത്രേലിയൻ കാണികൾ സിറാജിനെ അധിക്ഷേപിച്ചിരുന്നു. തുടർന്ന് മത്സരം നിർത്തിവെച്ചു. പ്രശ്നക്കാരായ കാണികളെ ഗാലറിയിൽനിന്ന് ഇറക്കിവിട്ട ശേഷമാണ് കളി തുടർന്നത്. ഇംഗ്ലണ്ട് പര്യടനത്തിൽ ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിനിെട ബൗണ്ടറിക്കരികെ ഫീൽഡ് ചെയ്ത കെ.എൽ. രാഹുലിനുനേരെ ഇംഗ്ലീഷ് കാണികൾ കോർക്കുകൾ വലിച്ചെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചതും വാർത്തയായിരുന്നു. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 78 റൺസിന് ഓൾഔട്ട് ആയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം കളിനിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടം കൂടാതെ 120 റൺസെടുത്തിട്ടുണ്ട്. 10 വിക്കറ്റും കയ്യിലിരിക്കെ ഇംഗ്ലണ്ടിന് 42 റൺസ് ലീഡ് ആണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.