ഒന്നേ മുക്കാൽ ദിവസം, 842 പന്തുകൾ മാത്രം; മൊടേരയിലെ പിച്ചിനുനേരെ വിമർശനങ്ങളുടെ ബൗൺസറുകൾ
text_fieldsവീമ്പുപറഞ്ഞെത്തിയ ഇംഗ്ലണ്ട് നിരയെ വൻതോൽവിയുടെ ആഴക്കയത്തിലേക്ക് എടുത്തെറിയാൻ തുണച്ച മൊടേരയിലെ പിച്ചാണിപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ സംസാരവിഷയം. അഞ്ചു ദിവസം കൊണ്ട് കളിച്ചുതീർക്കേണ്ട ടെസ്റ്റ് മത്സരം വെറും ഒന്നേമുക്കാൽ ദിവസം കൊണ്ട് ചുരുട്ടിക്കെട്ടുന്നതിൽ ഈ പിച്ചാണ് പ്രധാന 'കളി'കളിച്ചത്. ഇന്ത്യൻ ടീമിന്‍റെ അത്യുജ്ജ്വല ജയത്തെ പ്രകീർത്തിക്കുേമ്പാൾതന്നെ, നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ നടുമുറ്റം അതിനൊരുക്കിയ അനിതരസാധാരണമായ പിന്തുണയും അതേയളവിൽ ചർച്ച ചെയ്യപ്പെടുകയാണ്.
സ്പിന്നിനെ അത്രമേൽ അകമഴിഞ്ഞ് തുണച്ച സ്റ്റേഡിയത്തിൽ, പിച്ചിലെ ചതിക്കുഴികളിൽ വെട്ടിത്തിരിഞ്ഞ് ഗതിമാറിയ പന്തുകൾക്ക് മുന്നിൽ ജോ റൂട്ടിന്‍റെ പ്രതീക്ഷകൾ വേരറ്റുപോയപ്പോൾ ഇന്ത്യ പത്തുവിക്കറ്റിന്‍റെ മിന്നുംജയം പിടിച്ചെടുക്കുകയായിരുന്നു. 2700 പന്തുകൾ എറിയാവുന്ന ടെസ്റ്റ് മത്സരത്തിൽ കൃത്യം 842ാം പന്തിൽ വിജയ റൺ പിറന്നു. അത്രമാത്രമേ അഹ്മദാബാദിലെ അങ്കം നീണ്ടുനിന്നുള്ളൂ. ഇതിലും വേഗത്തിൽ 'കഥകഴിഞ്ഞ' ആറു ടെസ്റ്റുകൾ മാത്രമേ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളൂ. അവയിൽ ഏറ്റവും അവസാനത്തേത് 1935 ജനുവരിയിലായിരുന്നു. ആറിൽ രണ്ടു ടെസ്റ്റുകൾ 1888 ആഷസ് പരമ്പരയിലും. ബൗളിങ്ങിന്‍റെ ബ്രാഡ്മാൻ എന്നറിയപ്പെട്ട ജോർജ് ലോമാൻ പന്തെറിഞ്ഞവയായിരുന്നു ആ രണ്ടു ടെസ്റ്റുകൾ.
ലോകത്ത് ഏറ്റവുമധികം കാണികൾക്ക് ഇരിക്കാൻ കഴിയുന്നതെന്ന വിശേഷണത്തോടെ നവീകരിച്ച്, പേട്ടലിേന്റതുമാറ്റി മോദിയുടെ പേരു നൽകിയ മൊടേര സ്റ്റേഡിയത്തിലെ കന്നി മാച്ചിൽ സ്പിന്നർമാർക്ക് ചാകരയായിരുന്നു. അത്രവലിയ പ്രതിഭാസമ്പത്തും മാന്ത്രികതയുമൊന്നും കൈവിരലുകളിലാവാഹിച്ചിട്ടില്ലെങ്കിലും അക്ഷർ പേട്ടലിന് വരെ കൈനിറയെ വിക്കറ്റ് കിട്ടി. പിച്ചിലെ അസാധാരണ ടേണും തെന്നുന്ന വേഗവുമൊക്കെച്ചേർന്നപ്പോൾ പന്തെടുത്ത സ്പിന്നർമാരൊക്കെ വെളിച്ചപ്പാടുകളായി. സ്പെഷലിസ്റ്റ് സ്പിന്നർമാരുടെ അഭാവത്താൽ ഗത്യന്തരമില്ലാതെ പന്തെടുക്കേണ്ടിവന്ന ജോ റൂട്ട് ഇന്ത്യയുടെ ഒന്നാമിന്നിങ്സിൽ എട്ടു റൺസ് മാത്രം വിട്ടുകൊടുത്ത് പിഴുതത് അഞ്ചുവിക്കറ്റ്. ഇത്തരം പിച്ചുകളിലായിരുന്നു അനിൽ കുംെബ്ലയും ഹർഭജൻ സിങ്ങും പന്തെറിഞ്ഞിരുന്നതെങ്കിൽ അവർക്ക് കരിയറിൽ ആയിരം ടെസ്റ്റ് വിക്കറ്റുകളുണ്ടാകുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് കളിയാക്കിപ്പറയുന്നു.
ഒേട്ടറെ മുൻ താരങ്ങൾ ടെസ്റ്റ് മത്സരങ്ങൾക്ക് യോജിച്ചതല്ല ഈ വിക്കറ്റെന്ന് കുറ്റപ്പെടുത്തി രംഗത്തുവന്നിട്ടുണ്ട്. 'ഇത് മാതൃകാപരമായ പിച്ചല്ല. ഒന്നാമിന്നിങ്സിൽ ഇംഗ്ലണ്ട് 200 റൺസെടുത്തിരുന്നെങ്കിൽ ഇന്ത്യയും കുഴങ്ങിയേനേ'-ഹർഭജൻ സിങ് ട്വീറ്റ് ചെയ്തു. മൊടേരയിലേത് ടെസ്റ്റ് മത്സരത്തിനു പറ്റിയ പിച്ചല്ലെന്നും ഒന്നാമിന്നിങ്സിൽ ഇന്ത്യ വരെ തകർന്നുപോയെന്നും വി.വി.എസ് ലക്ഷ്മൺ ചൂണ്ടിക്കാട്ടി.
ഇത്തരം പിച്ചുകളിലാണ് കളിക്കുന്നതെങ്കിൽ ഓരോ ടീമിനും മൂന്ന് ഇന്നിങ്സുകൾ നൽകേണ്ടിവരുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൻ ട്വീറ്റ് ചെയ്തു. ഹിന്ദിയിലെഴുതിയ കുറിപ്പിൽ, മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സണും പിച്ചിനെ നിശിതമായി വിമർശിച്ചു. ടെസ്റ്റ് മത്സരം രണ്ടു ദിവസം കൊണ്ട് അവസാനിക്കുന്ന തരത്തിലുള്ള പിച്ചല്ല ക്രിക്കറ്റ് ആരാധകർ ആഗ്രഹിക്കുന്നതെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു.
എന്നാൽ, ഇത്രയും ഗംഭീര വിജയം സമ്മാനിച്ച 'മൊടേരപ്പിച്ചി'നെ തള്ളിപ്പറയാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തയാറല്ല. ബാറ്റ് ചെയ്യാൻ വളരെ നല്ല പിച്ചെന്നാണ് നായകൻ നൽകുന്ന സർട്ടിഫിക്കറ്റ്. ക്യാപ്റ്റനെ പിന്തുണച്ച് രോഹിത് ശർമയും അതുതന്നെ പറയുന്നു. ഇത്തരം പിച്ചുകൾ തയാറാക്കുന്നത് നിയമങ്ങൾക്ക് എതിരല്ല എന്നതിനാൽ, ഐ.സി.സിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നാണ് ജോ റൂട്ടിന്‍റെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.