ഐ.പി.എൽ ‘തല’വൻ ധോണി; ഇന്ന് സ്വന്തം പേരിലാക്കിയ അപൂർവ്വ റെക്കോർഡുകൾ
text_fieldsഇത്തവണത്തെ ഐ.പി.എല്ലിലെ നോട്ടപ്പുള്ളിയായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് (സി.എസ്.കെ) നായകൻ എംഎസ് ധോണി. പ്രായം 41 പിന്നിട്ട ധോണി ചെന്നൈ നായകനായി തിരിച്ചെത്തിയപ്പോൾ നെറ്റിചുളിച്ചവർ ഏറെ. ‘പഴയ ഹെലിക്കോപ്റ്റർ ഷോട്ടുകാരന്റെ എൻജിൻ പഴകിയെന്നും വിരമിച്ചൊഴിയേണ്ട സമയമായില്ലേ’ എന്നുമൊക്കെ പലരും മുറുമുറുത്തു. എന്നാൽ, ഐ.പി.എൽ പതിനാറാം സീസണിൽ തന്റെ ബാറ്റിങ് പ്രകടനം കൊണ്ടും ക്യാപ്റ്റൻസി മികവ് കൊണ്ടുമാണ് ധോണി അതിന് മറുപടി നൽകിയത്. ചെന്നൈ എവിടെ കളിക്കാൻ പോയാലും സ്റ്റേഡിയം മഞ്ഞയിൽ കുളിക്കുന്ന കാഴ്ചയായിരുന്നു. ഒടുവിൽ ചെന്നൈയെ ഫൈനലിലേക്ക് ടിക്കറ്റെടുത്ത ആദ്യ ടീമാക്കി, ‘തല’ മാറ്റുകയും ചെയ്തു.
അവിടെ തീർന്നില്ല, ഇത്തവണത്തെ ഐ.പി.എല്ലിലൂടെ ധോണി ചില അപൂർവ്വ റെക്കോർഡുകളും തന്റെ പേരിലാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 250 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ കളിക്കാരനായി എംഎസ് ധോണി മാറിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ 2023 ഫൈനൽ മത്സരത്തോടെയാണ് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. 250 മത്സരങ്ങളുമായി ധോണി ഒന്നാം സ്ഥാനത്ത് ഇരിക്കുമ്പോൾ 243 മത്സരങ്ങളുമായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് പട്ടികയിൽ രണ്ടാമത്.
അതുപോലെ, ഇന്നത്തെ ഐപിഎൽ ഫൈനൽ ഒരു കളിക്കാരനെന്ന നിലയിൽ ധോണിയുടെ പതിനൊന്നാമത്തെയും ക്യാപ്റ്റനെന്ന നിലയിൽ പത്താമത്തെയും ആയിരിക്കും. 11 ഐ.പി.എൽ ഫൈനൽ കളിക്കുന്ന ആദ്യ താരം കൂടിയായി ധോണിയിപ്പോൾ. അദ്ദേഹം റൈസിങ് പൂനെ സൂപ്പർ ജയന്റ്സിനായി ഒരു ഫൈനൽ കളിച്ചപ്പോൾ മറ്റ് 10 ഫൈനലുകൾ സിഎസ്‌കെക്ക് ഒപ്പമായിരുന്നു. ഇതുവരെ ആകെ നാല് ഐപിഎൽ കിരീടങ്ങളാണ് ധോണി നേടിയത്. ഗുജറാത്തിനെതിരെ നേടുകയാണെങ്കിൽ മുംബൈ ഇന്ത്യൻസിന്റെ അഞ്ച് ഐപിഎൽ കിരീട നേട്ടമെന്ന റെക്കോർഡിനൊപ്പമെത്താൻ ധോണിക്കും സംഘത്തിനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.