ഐ.പി.എസ് ഓഫിസർക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി ധോണി; മദ്രാസ് ഹൈകോടതിയെ സമീപിച്ചു
text_fieldsചെന്നൈ: ഐ.പി.എസ് ഓഫിസർക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ജി. സമ്പത്ത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ധോണി മദ്രാസ് ഹൈകോടതിയെ സമീപിച്ചു. ഐ.പി.എൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിക്കും സർക്കാർ അഭിഭാഷകർക്കുമെതിരെ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ധോണി ഹരജി നൽകിയത്.
കേസ് കഴിഞ്ഞദിവസം കോടതിക്കു മുമ്പിലെത്തിയെങ്കിലും വാദംകേട്ടില്ല. ചൊവ്വാഴ്ച കേസ് പരിഗണിച്ചേക്കും. കോടതിയലക്ഷ്യ നടപടിക്കു പുറമെ, തനിക്കെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ച ഓഫിസറിൽനിന്ന് 100 കോടി രൂപ നഷ്ടപരിഹാരവും ധോണി ആവശ്യപ്പെട്ടിട്ടുണ്ട്. 2013ലെ ഐ.പി.എൽ ഒത്തുകളി വിവാദം സമ്പത്ത് കുമാറാണ് അന്വേഷിച്ചിരുന്നത്.
തന്നെ ഒത്തുകളിയുമായി ബന്ധപ്പെടുത്തി സമ്പത്ത് പരാമർശം നടത്തുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ധോണി അന്ന് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ധോണിയെ ഒത്തുകളിയുമായി ബന്ധപ്പെടുത്തുന്നത് തടഞ്ഞുകൊണ്ട് 2014 മാർച്ച് 18ന് മദ്രാസ് കോടതി ഇടക്കാല ഉത്തരവിറക്കി. എന്നാൽ, ഇതിനുശേഷവും കോടതിയെയും സർക്കാറിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകരെയും അവമതിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുമായി സമ്പത്ത് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചെന്നാണ് പുതിയ പരാതി.
ഈ വർഷം ജൂലൈ 18ന് തമിഴ്നാട് അഡ്വക്കറ്റ് ജനറൽ ആർ. ഷൺമുഖസുന്ദരം അനുമതി നൽകിയതിനെ തുടർന്നാണ് ധോണി പൊലീസ് ഓഫിസർക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഒക്ടോബർ 11നായിരുന്നു താരം കോടതിയിൽ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.