ധോണിക്ക് എം.സി.സി ആജീവനാന്ത അംഗത്വം; മറ്റു നാല് ഇന്ത്യക്കാർക്കും ആദരം
text_fieldsക്രിക്കറ്റ് നിയമങ്ങളുടെ ആശാന്മാരും ലോർഡ്സ് മൈതാനത്തിന്റെ ഉടമകളുമായ മരിൽബോൺ ക്രിക്കറ്റ് ക്ലബി(എം.സി.സി)ൽ അഞ്ച് ഇന്ത്യക്കാർക്ക് ആജീവനാന്ത അംഗത്വം. ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ നായകൻ കൂടിയായിരുന്ന മഹേന്ദ്ര സിങ് ധോണിക്കൊപ്പം യുവരാജ് സിങ്, സുരേഷ് റെയ്ന എന്നിവരും വനിതകളിൽ മിതാലി രാജ്, ജൂലിയൻ ഗോസ്വാമി എന്നിവരുമാണ് പുതുതായി ഇന്ത്യയിൽനിന്ന് അംഗത്വം ലഭിച്ചവർ.
രാജ്യാന്തര കരിയറിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ വിശിഷ്ട താരങ്ങൾക്കായാണ് ആജീവനാന്ത അംഗത്വം നൽകുന്നതെന്ന് എം.സി.സി അറിയിച്ചു. ടെസ്റ്റ കളിക്കുന്ന എട്ടു രാജ്യങ്ങളിൽനിന്നായി മൊത്തം 19 പേരാണ് ലിസ്റ്റിലുള്ളത്.
വനിതകളിൽ കഴിഞ്ഞ വർഷം വിരമിച്ച ജൂലിയൻ ഗോസ്വാമി വിക്കറ്റ്‍വേട്ടക്കാരിൽ ഒന്നാമതാണെങ്കിൽ മിതാലി രാജ് 211 ഇന്നിങ്സിൽ 7805 റൺസുമായി ബാറ്റർമാരിൽ സമാനതകളില്ലാത്ത നേട്ടങ്ങൾക്കുടമയാണ്. 2007ൽ ട്വന്റി20 ലോകകപ്പിലും 2011ൽ ഏകദിന ലോകകപ്പിലും കിരീടം ചൂടിയ ഇന്ത്യൻ ടീമിലെ പ്രമുഖ സാന്നിധ്യങ്ങളെന്നതാണ് ധോണിക്കൊപ്പം യുവരാജിനും സഹായകമായത്. 13 വർഷത്തെ കരിയറിനിടെ 5,500 റൺസ് നേടിയാണ് സുരേഷ് റെയ്ന പട്ടികയിലെത്തിയതെന്നും എം.സി.സി വാർത്താകുറിപ്പ് വ്യക്താക്കുന്നു.
ഇംഗ്ലീഷ് താരങ്ങളായ ഓയിൻ മോർഗൻ, കെവിൻ പീറ്റേഴ്സൺ, പാകിസ്താന്റെ മുഹമ്മദ് ഹഫീസ്, ബംഗ്ലദേശിൽനിന്ന് മഷ്റഫി മുസ്തഫ, ദക്ഷിണാഫ്രിക്കൻ ബൗളർ ഡെയ്ൽ സ്റ്റെയിൻ, ആസ്ട്രേലിയയുടെ റാച്ചേൽ ഹെയ്ൻസ്, ന്യൂസിലൻഡിന്റെ റോസ് ടെയ്‍ലർ എന്നിവരും പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.