ധോണി ഒമ്പതാം നമ്പർ ബാറ്റർ? സാമാന്യയുക്തിക്ക് നിരക്കാത്ത തീരുമാനം! വ്യാപക വിമർശനം
text_fieldsചെന്നൈ: സ്വന്തം തട്ടകമായ ചെപ്പോക്കിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് 50 റൺസിനാണ് ചെന്നൈ സൂപ്പർ കിങ്സ് തോൽവി വഴങ്ങിയത്. ഈ വിജയം ആർ.സി.ബിക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. 17 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചെന്നൈയുടെ ഗ്രൗണ്ടിൽ അവർക്കെതിരെ ടീം ഒരു വിജയം കുറിക്കുന്നത്. സീസണിൽ ടീമിന്‍റെ തുടർച്ചയായ രണ്ടാം ജയം.
ബംഗളൂരുവിന്‍റെ 197 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് 20 ഓവറിൽ 146 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മത്സരത്തിൽ ചെന്നൈക്കായി ഒമ്പതാം നമ്പറിലാണ് വെറ്ററൻ താരം എം.എസ്. ധോണി ബാറ്റിങ്ങിന് ഇറങ്ങിയത്. സ്പിന്നർമാരായ രവീന്ദ്ര ജദേജക്കും ആര്‍. അശ്വിനുംശേഷം. ചെന്നൈ ഇന്നിങ്സില്‍ ഏറ്റവും മികച്ച (187.50) പ്രഹരശേഷിയുള്ള ബാറ്റിങ് ധോണിയുടേതായിരുന്നു. എന്നാൽ, ധോണിയെ ഒമ്പതാം നമ്പറിൽ ബാറ്റിങ്ങിന് ഇറക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. 16 പന്തിൽ 30 റൺസെടുത്ത ധോണിയുടെ ഇന്നിങ്സ് ടീമിന്‍റെ തോൽവി ഭാരം കുറക്കാൻ മാത്രമാണ് സഹായിച്ചത്.
ബാറ്റിങ്ങിൽ കുറച്ച് നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ ഫലത്തിൽ മാറ്റമുണ്ടായേനെ എന്നാണ് നിരവധി ആരാധകരും മുൻ താരങ്ങളും ക്രിക്കറ്റ് പണ്ഡിറ്റുകളും വിശ്വസിക്കുന്നത്. ധോണിയെ ഒമ്പതാം നമ്പറിൽ ബാറ്റിങ്ങിന് ഇറക്കിയ തീരുമാനത്തിൽ നിരാശപ്രകടപ്പിച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ രംഗത്തെത്തി. ടീം തന്ത്രത്തെ ചോദ്യം ചെയ്ത ഉത്തപ്പ, ഏറ്റവും മികച്ച ഫിനിഷറെ നേരത്തെ ബാറ്റിങ്ങിന് ഇറക്കാതെ നിർണായക അവസരം നഷ്ടപ്പെടുത്തിയെന്നും കുറ്റപ്പെടുത്തി.
‘ചെന്നൈക്കെതിരെ അവരുടെ കോട്ടയില്‍ ആര്‍.സി.ബി നേടിയത് നിര്‍ണായക വിജയമാണ്, സീസണില്‍ അത് ടീമിന് വലിയ ഊർജം നൽകും. ധോണി ചെന്നൈക്കായി ഒമ്പതാം നമ്പറില്‍ ക്രീസിലെത്തുന്നത് സാമാന്യയുക്തിക്ക് നിരക്കുന്നല്ല, കുറച്ചുകൂടി നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ ചെന്നൈയുടെ നെറ്റ് റണ്‍റേറ്റെങ്കിലും മെച്ചപ്പെടുമായിരുന്നു’ -ഉത്തപ്പ എക്സിൽ കുറിച്ചു.
ധോണി ഒമ്പതാമനായി ക്രീസിലിറങ്ങുന്നതിനെ ഒരിക്കലും അനുകൂലിക്കാനാവില്ലെന്ന് ഇര്‍ഫാന്‍ പത്താന്‍ വിമർശിച്ചു. ’ധോണി ഒമ്പതാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങുന്നതിനെ ഒരിക്കലും അനുകൂലിക്കുന്നില്ല. ടീമിന് ഗുണകരമല്ല’ -പത്താൻ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.