'ക്യാപ്റ്റനല്ലെങ്കിലും കളി നിയന്ത്രിക്കുന്നത് ധോണി'; പൊട്ടിത്തെറിച്ച് ജദേജ
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 15ാം സീസണിന് തൊട്ടുമുമ്പാണ് എം.എസ്. ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനം രവീന്ദ്ര ജദേജക്ക് കൈമാറിയത്. ഐ.പി.എല്ലിൽ തുടർച്ചയായി രണ്ടാം മത്സരത്തിലും ടീം പരാജയപ്പെട്ടതോടെ ധോണിയുടെ 'സൂപ്പർ ക്യാപ്റ്റൻസി'ക്ക് നേരെ തന്നെയാണ് വിമർശനം ഉയരുന്നത്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും ഇപ്പോഴും കാര്യങ്ങൾ നിയന്ത്രിക്കുന്നത് ധോണിയാണെന്നാണ് പ്രധാന വിമർശനം. മുൻ താരങ്ങളായ അജയ് ജദേജയും പാർഥിവ് പട്ടേലുമടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടി ചെന്നൈ ടീം നേതൃത്വത്തിനെതിരെ രംഗത്തെത്തി. ആദ്യമത്സരത്തിൽ കൊൽക്കത്തയോട് തോറ്റ ചെന്നൈ കഴിഞ്ഞ ദിവസം ലഖ്നോ സൂപ്പർ ജയന്റ്സിനോടും പരാജയപ്പെട്ടിരുന്നു.
'ലീഗിലെ അവസാന മത്സരമോ യോഗ്യത തുലാസിലായ കളിയോ ഒക്കെ ആണെങ്കില്‍ ധോണിയെപ്പോലെയൊരു അനുഭവസമ്പത്തുള്ള താരം കോള്‍ എടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ ഇത് സീസണിലെ വെറും രണ്ടാമത്തെ മത്സരം മാത്രമാണ്. ക്രിക്കറ്റ് ആരാധകൻ, നിരീക്ഷകന്‍ എന്ന നിലകളിൽ എനിക്ക് ഇക്കാര്യത്തോട് ഒട്ടും യോജിക്കാന്‍ പറ്റില്ല...' ക്രിക്ബസ് ലൈവ് പരിപാടിക്കിടെ ജദേജ പറഞ്ഞു.
ജദേജയെ ചെന്നൈ ക്യാപ്റ്റൻ ആക്കിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ സ്വതന്ത്രനാക്കി വിടണമെന്ന് ക്രിക്ബസ് പാനലിൽ ഉണ്ടായിരുന്ന ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ പറഞ്ഞു. 'ഒരാളുടെ കഴിവിനെ മെച്ചപ്പെടുത്തിയെടുക്കണമെങ്കില്‍ അയാളെ സ്വതന്ത്രമാക്കി വിടണം. സ്വതന്ത്രമായി നയിക്കാന്‍ വിട്ടാല്‍ മാത്രമേ അയാള്‍ക്ക് ക്യാപ്റ്റനാകാന്‍ കഴിയൂ. തെറ്റുകളില്‍ നിന്നേ പഠിക്കൂ...' പാര്‍ഥിവ് പറഞ്ഞു.
ചെന്നൈ ടീമിൽ അധികനാൾ കളിക്കാരനായി തുടരാൻ സാധിക്കില്ലെന്ന തിരിച്ചറിവിനെ തുടർന്നാണ് ധോണി ക്യാപ്റ്റൻസി കൈമാറിയതെന്നാണ് ക്രിക്കറ്റ് പണ്ഡിറ്റുകൾ വിലയിരുത്തുന്നത്. ഇന്ത്യൻ ടീമിൽ തുടർന്ന് കൊണ്ട് വിരാട് കോഹ്‍ലിയ നായകനാക്കി ഉയർത്തിക്കൊണ്ടു വന്ന രീതി ധോണി ഐ.പി.എല്ലിലും തുടരുകയാണെന്നാണ് സൂചന.
2008-ലെ ഐ.പി.എൽ പ്രഥമ സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായിരുന്നു ധോണി. 12 സീസണുകളിലായി 174 മത്സരങ്ങളില്‍ ചെന്നൈ ധോണിയുടെ കീഴിൽ കളത്തിലെത്തി. നാലു തവണ സി.എസ്.കെ ജേതാക്കളുമായി. 2012ൽ ചെന്നൈയിൽ എത്തിയതുമുതൽ ടീമിന്റെ വിശ്വസ്ത ഓള്‍റൗണ്ടറാണ് ജദേജ. ധോണിക്കും സുരേഷ് റെയ്നക്കും ശേഷം ചെന്നൈ ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തുന്ന മൂന്നാമത്തെ മാത്രം താരം കൂടിയാണ് ജദേജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.