സിംഗ്ൾ ഓടാൻ വിസമ്മതിച്ച് ധോണി; തിരിഞ്ഞോടി ഡാരില്‍ മിച്ചൽ; താരത്തെ അപമാനിച്ചെന്ന് ആരാധകർ
text_fieldsചെന്നൈ: പഞ്ചാബ് കിങ്സിനോട് ഏഴു വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെട്ടത്. ചെന്നൈ മുന്നോട്ടുവെച്ച 163 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ബാക്കി നിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്.
പതിവുപോലെ മത്സരത്തിന്‍റെ അവസാന ഓവറുകളിലാണ് സൂപ്പർതാരം എം.എസ്. ധോണി ക്രീസിലെത്തിയത്. വമ്പനടികൾ പ്രതീക്ഷിച്ച് ആരാധകർ വലിയ കരഘോഷത്തോടെയാണ് താരത്തെ വരവേറ്റത്. ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്‌വാദ് പുറത്തായതിന് പിന്നാലെ 18ാം ഓവറിലാണ് ധോണി ഇറങ്ങുന്നത്. നേരിട്ട ആദ്യ പന്തില്‍ തന്നെ താരം സിംഗ്ളെടുത്തു. 19ാം ഓവർ എറിയാനെത്തിയ സ്പിന്നർ രാഹുൽ ചാഹറിന്‍റെ ആദ്യ രണ്ട് പന്തിലും താരത്തിന് റണ്ണെടുക്കാനായില്ല.
മൂന്നാം പന്തില്‍ സിംഗ്ളെടുത്ത ധോണി സ്ട്രൈക്ക് മൊയീന്‍ അലിക്ക് കൈമാറി. നാലാം പന്തില്‍ അലി പുറത്തായി. ഡാരില്‍ മിച്ചലാണ് പിന്നാലെ ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ സിംഗ്ളെടുത്ത താരം സ്ട്രൈക്ക് ധോണിക്ക് കൈമാറി. അവസാന പന്തിൽ സിംഗ്ളെടുത്തതോടെ ധോണി വീണ്ടും സ്ട്രൈക്കിലെത്തി. അര്‍ഷ്ദീപ് സിങ്ങാണ് അവസാന ഓവർ എറിയാനെത്തിയത്. ഈ സമയം അഞ്ചു പന്തിൽ മൂന്നു റൺസായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
അർഷ്ദീപിന്‍റെ ആദ്യ പന്ത് വൈഡ്. തൊട്ടടുത്ത പന്തിൽ ധോണി ബൗണ്ടറി നേടി. രണ്ടാം പന്തിൽ റണ്ണെടുക്കാനായില്ല. മൂന്നാം പന്ത് വീണ്ടും വൈഡ്. വീണ്ടുമെറിഞ്ഞ മൂന്നാം പന്തില്‍ ധോണി പന്ത് ബൗണ്ടറിയിലേക്ക് അടിച്ചെങ്കിലും സിംഗിള്‍ ഓടിയില്ല. എന്നാല്‍ ഈ സമയം നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുണ്ടായിരുന്ന മിച്ചല്‍ സിംഗ്ളിനായി ഓടി ധോണിയുടെ അടുത്തെത്തിയിരുന്നു. എന്നാൽ, ഓടാൻ വിസമ്മതിച്ച ധോണി മിച്ചലിനെ തിരിച്ചയച്ചു.
തിരിഞ്ഞോടിയ മിച്ചല്‍ ഭാഗ്യത്തിനാണ് റണ്ണൗട്ടിൽനിന്ന് രക്ഷപ്പെട്ടത്. സിംഗ്ൾ എടുക്കാനുള്ള അവസരമാണ് ടീം നഷ്ടപ്പെടുത്തിയത്. മിച്ചൽ ‘ഡബ്ൾ’ ഓടിയിട്ടും ധോണി ഓടാതെ ക്രീസിൽതന്നെ നിൽക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തൊട്ടടുത്ത പന്തിൽ സിക്സോ, ഫോറോ നേടാമെന്ന പ്രതീക്ഷയിലായിരുന്നു ധോണി. എന്നാൽ, നാലാമത്തെ പന്തിൽ താരത്തിനെ റണ്ണെടുക്കാനായില്ല. അഞ്ചാം പന്ത് താരം ഗാലറിയിലെത്തിച്ചു.
അവസാന പന്തിൽ ഡബ്ളിന് ശ്രമിക്കുന്നതിനിടെ ധോണി റണ്ണൗട്ടായി. നടപ്പു സീസണിൽ താരം ആദ്യമായാണ് പുറത്താകുന്നത്. 11 പന്തിൽ ഓരോ സിക്സും ഫോറുമടക്കം 14 റൺസായിരുന്നു താരത്തിന്‍റെ സമ്പാദ്യം. അതേസമയം, സിംഗ്ൾ ഓടാൻ വിസ്സമതിച്ച ധോണിയുടെ നടപടി സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ വലിയ വിമർശനം ക്ഷണിച്ചുവരുത്തി. ധോണി മിച്ചലിനെയും ന്യൂസിലൻഡ് ടീമിനെയും അപമാനിച്ചെന്ന് ഒരു ആരാധകൻ എക്സിൽ കുറിച്ചു. ചെന്നൈക്കെതിരെ പഞ്ചാബിന്‍റെ തുടർച്ചയായ രണ്ടാം ജയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.