ധോണി ലോകകപ്പ് നേടിയിട്ടില്ല! എബി ഡിവില്ലിയേഴ്സ് പറയുന്നു...
text_fieldsഇന്ത്യ ആദ്യമായാണ് ഏകദിന ലോകകപ്പിന് പൂർണമായി ആതിഥ്യം വഹിക്കുന്നത്. ഇത്തവണ രോഹിത്തും സംഘവും ഇന്ത്യക്ക് മൂന്നാം ഏകദിന കിരീടം നേടിത്തരുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.
1983ൽ കപിൽ ദേവിന്‍റെ നായകത്വത്തിലാണ് ഇന്ത്യ ആദ്യമായി കിരീടം നേടുന്നത്. 2011ൽ എം.എസ്. ധോണിയുടെ ക്യാപ്റ്റൻസിയിൽ ടീം ഇന്ത്യ രണ്ടാം ലോകകപ്പ് ഉയർത്തി. ക്രിക്കറ്റ് ലോകം ആ വിജയത്തിന്‍റെ ക്രെഡിറ്റ് നൽകിയിരുന്നത് ക്യാപ്റ്റൻ കൂൾ എന്നറിയപ്പെട്ടിരുന്ന ധോണിക്കായിരുന്നു. ലോകകപ്പിന് അരങ്ങുണരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, മുൻ ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റർ എബി ഡിവില്ലിയേഴ്സ് വ്യക്തികളേക്കാൾ മികച്ച ടീം വർക്കിന്‍റെ പ്രധാന്യം ചൂണ്ടിക്കാട്ടി നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ വൈറലായത്.
എം.എസ്. ധോണിയല്ല, ടീം ഇന്ത്യയാണ് 2011ലെ ഏകദിന ലോകകപ്പ് നേടിയതെന്നാണ് ഡിവില്ലിയേഴ്സ് പറഞ്ഞത്. ശ്രീലങ്കക്കെതിരെ ഫൈനലിൽ സിക്സർ പറത്തിയാണ് ധോണി ടീമിനെ വിജയത്തിലെത്തിച്ചത്. 91 റൺസെടുത്ത ധോണി തന്നെയായിരുന്ന മത്സരത്തിലെ മികച്ച താരവും. അന്ന് ലോകകപ്പ് വിജയത്തിന്‍റെ ക്രെഡിറ്റ് ധോണിക്കും അദ്ദേഹത്തിന്‍റെ ക്യാപ്റ്റൻസിക്കുമായിരുന്നു ആരാധകരും ക്രിക്കറ്റ് പണ്ഡിറ്റുകളും ചാർത്തികൊടുത്തത്.
‘ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. ഒരു കളിക്കാരനല്ല ലോകകപ്പ് ഉയർത്തുന്നത്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഞാൻ പലപ്പോഴും അങ്ങനെയാണ് കാണുന്നത്. എം.എസ് ധോണി ലോകകപ്പ് നേടിയിട്ടില്ല, ഇന്ത്യയാണ് ലോകകപ്പ് നേടിയത്, അത് മനസ്സിൽ സൂക്ഷിക്കുക, മറക്കരുത്. 2019ൽ ലോർഡ്‌സിൽ ബെൻ സ്റ്റോക്‌സ് ട്രോഫി ഉയർത്തിയിട്ടില്ല, അത് ഇംഗ്ലണ്ട് ടീമായിരുന്നു’ -ഡിവില്ലിയേഴ്സ് യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഏഷ്യാ കപ്പിനുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങൾ തന്നെയാണ് ഇന്ത്യയുടെ ലോകകപ്പ് ടീമിലും ഇടംനേടിയത്. തിലക് വർമയും പ്രസിദ്ധ് കൃഷ്ണയും പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.