‘ധോണി ഒരിക്കലും വേദന സംഹാരി കഴിച്ചിരുന്നില്ല...’; കാരണം വെളിപ്പെടുത്തി മലയാളിയായ മുൻ ഇന്ത്യൻ പേസർ
text_fieldsഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിനെ 27 റൺസിന് തോൽപിച്ച ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫിന് അരികിലെത്തിയിരിക്കുകയാണ്. അവസാന ഓവറുകളിലെ ധോണിയുടെ വമ്പനടികളായിരുന്ന മത്സരത്തിലെ ഒരു ആകർഷണം.
വിക്കറ്റുകൾക്കിടയിലെ ഓട്ടത്തിന് പേരുകേട്ട താരമാണ് ധോണി. വർഷാവസാനം 42 വയസ്സ് പൂർത്തിയാകുന്ന താരം, ഫിറ്റ്നസിന്‍റെ കാര്യത്തിൽ ഇപ്പോഴും ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാൽ, മത്സരത്തിനിടെ റണ്ണിനായി ഓടുമ്പോൾ താരം ഏറെ പ്രയാസപ്പെടുന്നത് കാണാമായിരുന്നു. താരം കാൽമുട്ടിനേറ്റ പരിക്കിന് ചികിത്സ തേടിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതാവാം ഓട്ടത്തിലെ വേഗതക്കുറവിന് പിന്നിലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
ഇതിനിടെയാണ് മുൻ ഇന്ത്യൻ പേസറും മലയാളി താരവുമായിരുന്ന എസ്. ശ്രീശാന്ത് ധോണിയുടെ ശാരീരികക്ഷമതയെ ഏറെ പ്രശംസിച്ച് രംഗത്തുവന്നത്. ധോണി ഒരിക്കലും വേദനസംഹാരികൾ കഴിക്കാറില്ലെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. ‘എന്തുകൊണ്ടാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്? പല താരങ്ങളും 42 വയസ്സു വരെ കളിക്കുന്നു, അദ്ദേഹത്തിന് 41 വയസ്സ് മാത്രം. കേരളത്തിൽ പലും പറയും, 'ദൈവമേ, ധോണി അത് വീണ്ടും വീണ്ടും ആവർത്തിക്കുന്നു?’ -ശ്രീശാന്ത് സ്റ്റാർ സ്‌പോർട്‌സിനോട് പ്രതികരിച്ചു.
ധോണി ഒരിക്കലും വേദന സംഹാരി എടുത്തിരുന്നില്ല. എന്തുകൊണ്ടാണ് ഇതെന്ന് പലരും ചോദിച്ചപ്പോൾ, തന്നെ വേദന അലട്ടുന്ന കാര്യം പുറത്തറിയിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ധോണി മറുപടി നൽകിയത്. ഐ.പി.എൽ കിരീടം ചെന്നൈയിലേക്ക് കൊണ്ടുവരാനാണ് താരം ആഗ്രഹിക്കുന്നതെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു. ഡൽഹിക്കെതിരെ ഒമ്പതു പന്തുകളിൽനിന്ന് ധോണി നേടിയത് 20 റൺസാണ്. രണ്ടു സിക്സുകളും ഒരു ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ഖലീൽ അഹ്മദിന്‍റെ 19ാം ഓവറിൽ രണ്ടു സിക്സും ഒരു ഫോറും താരം നേടി.
മിച്ചൽ മാർഷ് എറിഞ്ഞ 20ാം ഓവറിലെ അഞ്ചാം പന്തിൽ ഡേവിഡ് വാർണർ ക്യാച്ചെടുത്താണു ധോണിയെ പുറത്താക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുക്കാനേ ഡൽഹി കാപിറ്റൽസിനു സാധിച്ചുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.