'എനിക്കും വിരമിക്കാൻ നേരമായി' ; ധോണിയുടെ സ്വന്തം പാകിസ്താൻ ആരാധകൻ പറയുന്നു
text_fields
കറാച്ചി: മഹേന്ദ്ര സിങ് ധോണി വിരമിച്ചതോടെ സങ്കടം സഹിക്കാനാകാത്ത ഒരാൾ അതിർത്തിക്കപ്പുറത്തുമുണ്ട്. കറാച്ചിക്കാരനായ മുഹമ്മദ് ബഷിർ ബോസായിയാണത്. 'ചാച്ച ചിക്കാഗോ' എന്ന പേരിലും അറിയപ്പെടുന്ന ബഷിർ ബോസായി നേരത്തെയും വാർത്തകളിൽ ഇടം നേടിയിരുന്നു. അമേരിക്കയിലെ ചിക്കാഗോയിൽ ഹോട്ടൽ നടത്തുന്നതിനാലാണ് 'ചാച്ച ചിക്കാഗോ' എന്ന പേരുവീണത്.
'ധോണി വിരമിച്ചതോടെ എനിക്കും വിരമിക്കാൻ നേരമായി. ധോണിയില്ലാത്ത ക്രിക്കറ്റ് കാണാനുള്ള യാത്രകൾക്ക് താൽപര്യമില്ല. ഞാൻ അദ്ദേഹത്തേയും അദ്ദേഹം എന്നെയും സ്നേഹിച്ചിരുന്നു' - ചാച്ച വാർത്ത ഏജൻസിയായ പി.ടി.ഐയോട് പ്രതികരിച്ചു.
എല്ലാവർക്കും ഒരു ദിവസം വിരമിക്കേണ്ടി വരുമെന്ന് അറിയാം. പക്ഷേ ഈ വിരമിക്കൽ വേദനാജനകമാണ്. അദ്ദേഹം ഒരു മഹത്തായ വിരമിക്കൽ ചടങ്ങ് അർഹിച്ചിരുന്നു. പക്ഷേ അദ്ദേഹം അതിനുമപ്പുറമാണ് - ചാച്ച കൂട്ടിച്ചേർത്തു.
2011 ലോകകപ്പിൻെറ സെമിഫൈനലിൽ മൊഹാലിയിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോൾ ചാച്ചക്ക് ധോണി ടിക്കറ്റ് നൽകിയത് വലിയ വാർത്തയായിരുന്നു.
'2018 ഏഷ്യകപ്പിനിടെ അദ്ദേഹം തന്നെ റൂമിലേക്ക് വിളിപ്പിക്കുകയും ഒരു ജഴ്സി നൽകുകയും ചെയ്തു. 2015 ലോകകപ്പിൽ സിഡ്നിയിൽ നടന്ന മത്സരം വെയിലത്തിരുന്നായിരുന്നു ഞാൻ കണ്ടത്. പെട്ടെന്ന് സുരേഷ് റെയ്ന വന്ന് എനിക്ക് ഒരു സൺഗ്ലാസ് തന്നു. ധോണി കൊടുത്തയച്ചതായിരുന്നു അതെന്ന് റെയ്ന പറഞ്ഞു' - ചാച്ച ഓർമകൾ അയവിറക്കി.
ഇന്ത്യയുമായുള്ള മത്സരത്തിനിടെ ധോണിക്കായി ആർത്തുവിളിച്ച ചാച്ചയെ പാകിസ്താൻ ആരാധകർ അധിക്ഷേപിച്ചിരുന്നു. കോവിഡ് ഭീതിയൊഴിഞ്ഞാൽ ധോണിയുടെ ജന്മനാടായ റാഞ്ചി സന്ദർശിക്കാനിരിക്കുകയാണ് ചാച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.