'ലോകകപ്പ് വീണ്ടും നാട്ടിലെത്തിച്ചതിന് നന്ദി'; ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ അഭിനന്ദനവുമായി ധോണി
text_fieldsന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ വിജയിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ലോകകപ്പ് ഫൈനലിനിടെ പലതവണ തന്റെ ഹൃദയമിടിപ്പ് ഉയർന്നുവെന്ന് ധോണി പറഞ്ഞു. എന്നാൽ ശാന്തതയോടെയും ആത്മവിശ്വാസത്തോടെയും ഇന്ത്യ അത് നന്നായി ചെയ്തു. ലോകകപ്പ് നാട്ടിലേക്ക് കൊണ്ടുവന്നതിന് ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാരും ടീമിനോട് നന്ദി പറയുകയാണെന്ന് ധോണി പറഞ്ഞു.
2007ൽ ആദ്യമായി ഇന്ത്യ ലോകകപ്പ് കിരീടം നേടുമ്പോൾ ക്യാപ്റ്റന്റെ സ്ഥാനത്ത് ധോണിയായിരുന്നു. അന്ന് പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ ലോകകപ്പിൽ മുത്തമിടുമ്പോൾ 1983ൽ കപിലിന്റെ ചെകുത്താൻമാർ ലോകകപ്പ് നാട്ടിലെത്തിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ കിരീട നേട്ടമായിരുന്നു അത്. 2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും ക്യാപ്റ്റൻ സ്ഥാനത്തുണ്ടായിരുന്നത് ധോണിയായിരുന്നു. 2013ലെ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ നേടിയത് ധോണിയുടെ നേതൃത്വത്തിലായിരുന്നു.
അവസാന ഓവർ വരെ നീണ്ട ത്രീല്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ട്വന്‍റി20 ലോക കിരീടത്തിൽ മുത്തമിട്ടത്. കൈവിട്ട മത്സരം അവസാന ഓവറുകളിൽ ഇന്ത്യൻ പേസർമാർ തിരിച്ചുപിടിക്കുകയായിരുന്നു.
ഒരു ഐ.സി.സി കിരീടത്തിനായുള്ള 11 വർഷത്തെ ഇന്ത്യയുടെ കാത്തിരിപ്പാണ് രോഹിത്തും സംഘവും അവസാനിപ്പിച്ചത്. വിരാട് കോഹ്ലിയുടെ അർധ സെഞ്ച്വറിയുടെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 2007ലെ പ്രഥമ ട്വന്‍റി20 ലോകകപ്പിലാണ് ഇന്ത്യ ഇതിനു മുമ്പ് കിരീടം നേടിയത്. 2014ൽ ഫൈനലിലെത്തിയെങ്കിലും ശ്രീലങ്കയോട് തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.