'ദേഷ്യപ്പെടാതെ' ഇന്ത്യയെ നയിച്ചത് ഒമ്പത് വർഷം; രഹസ്യം വെളിപ്പെടുത്തി ധോണി
text_fieldsകളിക്കളത്തിലെ പെരുമാറ്റം കാരണം 'ക്യാപ്റ്റൻ കൂൾ' എന്ന പേരുവന്നയാളാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ഫീൽഡിൽ ഒരുതവണ പോലും മുഖം ചുവപ്പിക്കാതെയായിരുന്നു പ്രധാനപ്പെട്ട ഐ.സി.സി പരമ്പരകളടക്കം നിരവധി കിരീട നേട്ടങ്ങളിലേക്ക് ധോണി ഇന്ത്യയെ നയിച്ചത്.
ശാന്തത കൈവിടാതെയുള്ള തന്റെ ക്രിക്കറ്റിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് ധോണി. ഏത് സാഹചര്യത്തിലും വികാരങ്ങളെ നിയന്ത്രിക്കാൻ ശക്തമായി ശ്രമിക്കുകയാണ് താൻ ചെയ്യുന്നതെന്നും, എന്തൊക്കെ പറഞ്ഞാലും താനുമൊരു മനുഷ്യനാണെന്നും ധോണി പറഞ്ഞു.
"നിങ്ങളിൽ എത്രപേർക്ക് നിങ്ങളുടെ ബോസുമാർ ശാന്തരാണെന്ന് തോന്നുന്നുണ്ട്?" 'ക്യാപ്റ്റൻ കൂൾ' സദസ്സിനോടായി ചോദിച്ചു.., കുറച്ചുപേർ കൈകൾ ഉയർത്തിയതോടെ ധോണി പരിഹാസച്ചിരിയോടെ പറഞ്ഞു - ''ഒന്നുകിൽ അവർ ബ്രൗണി പോയിന്റുകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു, അല്ലെങ്കിൽ കൈ ഉയർത്തിയ ആളുകളെല്ലാം ചിലപ്പോൾ ബോസുമാർ തന്നെ ആയിരിക്കും''.
കളിക്കളത്തിലായിരിക്കുമ്പോൾ, ക്യാച്ചുകൾ കൈവിടാനോ, തെറ്റായ ഫീൽഡിങ്ങ് വരുത്താനോ ഒരു താരവും ആഗ്രഹിക്കില്ല. ഞാനെപ്പോഴും അവരുടെ ഭാഗത്ത് നിന്ന് കൂടി ചിന്തിക്കും, എന്തുകൊണ്ടാണ് അയാൾ ക്യാച്ച് കൈവിട്ടത്, അല്ലെങ്കിൽ ഫീൽഡിങ്ങിൽ പിഴവ് വന്നതിന് കാരണമെന്താണ് എന്നൊക്കെ. ദേഷ്യപ്പെടുന്നത് ഒരുതരത്തിലും ടീമിനെ സഹായിക്കില്ല. കോടിക്കണക്കിന് ആളുകൾ കളി കണ്ടുകൊണ്ടിരിക്കുകയാണ്.
"ഒരു കളിക്കാരൻ ഗ്രൗണ്ടിൽ 100 ശതമാനം ശ്രദ്ധാലുവായിരിക്കുകയും ഒരു ക്യാച്ച് നഷ്ടപ്പെടുത്തുകയും ചെയ്താൽ, എനിക്കതൊരു പ്രശ്നമല്ല, അതിനുമുമ്പ് പരിശീലനത്തിനിടെ അയാൾ എത്ര ക്യാച്ചുകൾ എടുത്തുവെന്നും സ്വയം മെച്ചപ്പെടാൻ ശ്രമിക്കുന്നുണ്ടോ എന്നുമൊക്കെ തീർച്ചയായും ഞാൻ വീക്ഷിക്കും. ഒരു ക്യാച്ച് കൈവിട്ടുപോയോ എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഞാൻ ഈ വശങ്ങളിലെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു പക്ഷേ അത് കാരണം ഞങ്ങൾ ഒന്നോ രണ്ടോ മത്സരങ്ങളിൽ തോറ്റിരിക്കാം. പക്ഷേ എല്ലായ്‌പ്പോഴും പരിശ്രമിക്കുന്നത് അവരുടെ വശത്ത് നിന്ന് ചിന്തിക്കാനാണ്.
"ഞാനും ഒരു മനുഷ്യനാണ്. നിങ്ങൾക്കെല്ലാവർക്കും എന്താണ് തോന്നുന്നത് അതുപോലെ എനിക്കും ഉള്ളിൽ തോന്നും. നിങ്ങൾ പുറത്തുപോയി പരസ്പരം മത്സരിച്ചാൽ, നിങ്ങൾക്ക് വിഷമം തോന്നും. ഒരു രാജ്യത്തെയാണ് നമ്മൾ പ്രതിനിധീകരിക്കുന്നത്, അതുകൊണ്ടു തന്നെ ഒരുപാട് മോശം തോന്നും. പക്ഷേ എപ്പോഴും നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കും.
"പുറത്തിരുന്നുകൊണ്ട്, ഞങ്ങൾ ഒരു പ്രത്യേക രീതിയിൽ കളിക്കണമായിരുന്നു എന്ന് പറയാൻ എളുപ്പമാണ്, പക്ഷേ ഇത് എളുപ്പമുള്ള കാര്യമല്ല. ഞങ്ങൾ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നു, പക്ഷേ എതിർ ടീമിലെ കളിക്കാർ അവരുടെ രാജ്യത്തെയും പ്രതിനിധീകരിക്കുന്നുണ്ട്. അവർ അവരുടെ രീതിയിൽ കളിക്കാൻ മറുവശത്തുണ്ട്. അതിനാൽ, ചില സമയങ്ങളിൽ ഉയർച്ച താഴ്ചകളൊക്കെ ഉണ്ടാകും. എല്ലാ സാഹചര്യത്തിലും ഇന്ത്യൻ ടീമിനെ പിന്തുണക്കണമെന്നും ധോണി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.