ബംഗളൂരു താരങ്ങൾക്ക് കൈകൊടുക്കാൻ കാത്തുനിൽക്കുന്നതിനിടെ ധോണി മടങ്ങി; ഡ്രസ്സിങ് റൂമിൽ തേടിയെത്തി കോഹ്‍ലി
text_fieldsബംഗളൂരു: ഐ.പി.എല്ലിലെ ആവേശപ്പോരിൽ ചെന്നൈ സൂപ്പര്‍ കിങ്സിനെ തോൽപിച്ച് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ ആഘോഷം നീണ്ടതോടെ ഗ്രൗണ്ട് വിട്ട എം.എസ് ധോണിയെ തേടി ഡ്രസ്സിങ് റൂമിലെത്തി ബംഗളൂരു സൂപ്പർ താരം വിരാട് കോഹ്‍ലി. ചെന്നൈയെയും വീഴ്ത്തി തുടർച്ചയായ ആറാം ജയത്തോടെ ഐ.പി.എല്ലിൽ അവിശ്വസനീയ കുതിപ്പ് നടത്തിയ ആർ.സി.ബി, കാണികൾക്ക് മുമ്പിലെ ആഘോഷത്തിന് ഏറെനേരം ചെലവിട്ടതോടെയാണ് ധോണി പതിവ് ഹസ്തദാനത്തിന് കാത്തുനിൽക്കവെ അപ്രതീക്ഷിതമായി തിരിച്ചുനടന്നത്.
നായകന്‍ ഋതുരാജ് ഗെയ്ക്‌വാദ് അടക്കമുള്ള താരങ്ങള്‍ അഞ്ച് മിനിറ്റോളം ഗ്രൗണ്ടില്‍ കാത്തുനിന്ന ശേഷമാണ് ആർ.സി.ബി താരങ്ങള്‍ എത്തിയത്. ഡഗ് ഔട്ടിലേക്ക് നടക്കുമ്പോൾ ധോണി ബംഗളൂരു സപ്പോര്‍ട്ടിങ് സ്റ്റാഫിന് ഹസ്തദാനം നൽകുന്നതിന്റെയും പിന്നീട് ധോണിയെ തേടി നടക്കുന്ന കോഹ്‍ലിയുടെയും വിഡിയോകൾ പുറത്തുവന്നിരുന്നു. ചെന്നൈ ഡ്രസ്സിങ് റൂമിൽ എത്തിയ കോഹ്‍ലി ധോണിക്ക് ഹസ്തദാനം നൽകിയാണ് മടങ്ങിയത്. ധോണിയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമായിരിക്കുകയാണ്.
ഈ ഐ.പി.എല്ലോടെ വിരമിക്കുമെന്ന് കരുതുന്ന ധോണിയെ പരിഗണിക്കാതെയുള്ള ബംഗളൂരു താരങ്ങളുടെ വിജയാഘോഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലീഷ് താരം മൈക്കൽ വോനും കമന്റേറ്റർ ഹർഷ ബോഗ്ലയും മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡുവും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ആർ.സി.ബി ക്രിക്കറ്റിന്റെ മാന്യത കൈവിട്ടെന്നായിരുന്നു മൈക്കൽ വോന്റെയും ഹർഷ ബോഗ്ലയുടെയും പ്രതികരണം.
27 റൺസിനാണ് ബംഗളൂരു ചെന്നൈയെ വീഴ്ത്തിയത്. അവസാന ഓവറിൽ ധോണി ക്രീസിലുള്ളപ്പോൾ േപ്ലഓഫിലെത്താൻ ചെന്നൈക്ക് വേണ്ടിയിരുന്നത് 17 റൺസാണ്. യാഷ് ദയാൽ എറിഞ്ഞ ആദ്യപന്ത് 110 മീറ്റർ അകലേക്ക് സിക്സർ പായിച്ച ധോണി രണ്ടാം പന്തിൽ സ്വപ്നിൽ സിങ്ങിന്റെ കൈയിലകപ്പെട്ടതോടെ ഏറെ നിരാശനായിരുന്നു. 13 പന്തിൽ 25 റൺസാണ് ധോണി നേടിയത്. ഓവറിലെ അവശേഷിച്ച നാല് പന്തിൽ ഒരു റൺസ് മാത്രമാണ് ചെന്നൈക്ക് നേടാനായത്. ഇതോടെ ബംഗളൂരു േപ്ല ഓഫിലേക്ക് മുന്നേറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.