‘പാണ്ഡ്യയുടെ ‘ഈഗോ’ വെച്ച് കളിച്ചു’; ധോണിയൊരുക്കിയ കെണിയിൽ വീണ് ഗുജറാത്ത് നായകൻ - വിഡിയോ
text_fieldsപത്താം തവണയും ഐ.പി.എൽ ഫൈനലിൽ പ്രവേശിച്ച് റെക്കോർഡ് കുറിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റാൻസിനെ ഒന്നാം ക്വാളിഫയറിൽ തകർത്തെറിഞ്ഞാണ് മഹേന്ദ്ര സിങ് ധോണിയും സംഘവും ഫൈനലിലേക്കുള്ള ടിക്കറ്റുറപ്പിച്ചത്. ഗുജറാത്തിനെതിരായ വിജയത്തിലും ചെന്നൈക്ക് നിർണായകമായത് ധോണിയുടെ തന്ത്രങ്ങൾ തന്നെയായിരുന്നു.
ബൗളർമാരെ ഉപയോഗിക്കുന്നതിലും ഫീൽഡ് സെറ്റ് ചെയ്യുന്നതിലും ചെന്നൈ നായകൻ കാണിച്ച മികവിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യയുടെ പുറത്താകൽ. ആദ്യത്തെ അഞ്ചോവറിൽ പേസർമാരെ ഉപയോഗിച്ച ധോണി പവർപ്ലേയുടെ അവസാന ഓവറിൽ സ്പിന്നറായ മഹീഷ് തീക്ഷണയെ പന്തേൽപ്പിച്ചു. പവർപ്ലേയിൽ ആഞ്ഞടിച്ച് റൺസുയർത്താനായി വൺഡൗണായി എത്തിയതായിരുന്നു പാണ്ഡ്യ.
ഓഫ് സൈഡിലെ വിടവിലൂടെ ഗുജറാത്ത് നായകൻ ബൗണ്ടറി പായിക്കാൻ ശ്രമിക്കുമെന്ന് മനസിലാക്കിയ ധോണി, ജദേജയെ ബാക്ക്‌വേർഡ് സ്‌ക്വയറിൽ നിന്ന് വിളിച്ച് വരുത്തി ബാക്ക്‌വേർഡ് പോയിന്റിൽ നിർത്തി. എട്ട് റൺസ് മാത്രമെടുത്ത പാണ്ഡ്യ കൃത്യമായി ജദേജയുടെ കൈകളിലേക്ക് തന്നെ പന്ത് അടിച്ചുകൊടുത്തു. ‘ഹർദികിന്റെ ഈഗോ വെച്ചാണ്’ ധോണി കളിച്ചതെന്ന് തൊട്ടുപിന്നാലെ രവിശാസ്ത്രിയുടെ കമന്റുമെത്തി. പുറത്തായതിന്റെ നിരാശയും ദേഷ്യവും പാണ്ഡ്യയുടെ മുഖത്ത് പ്രകടമായിരുന്നു. തന്റെ തന്ത്രം ഫലിച്ചതിന്റെ സന്തോഷം ധോണിയുടെ മുഖത്തും പ്രതിഫലിച്ചു.
15 റൺസിനായിരുന്നു ചെന്നൈ സൂപ്പർകിങ്‌സ് ഗുജറാത്ത് ടൈറ്റാൻസിനെ തോൽപ്പിച്ചത്. ചെന്നൈ ഉയർത്തിയ 173 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 157 റൺസിനൊതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.