അമിതാഭിനെയും എസ്.ആർ.കെയെയും പിന്നിലാക്കുന്ന ‘തല’പ്പൊക്കം; ബ്രാൻഡ് എൻഡോഴ്സ്മെന്റിൽ ഒന്നാമൻ ധോണി തന്നെ
text_fieldsഅന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച് നാല് വർഷം പിന്നിട്ടെങ്കിലും താരമൂല്യവും ജനപ്രീതിയും കുറയാത്ത താരമാണ് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം.എസ്. ധോണി. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായ ധോണിയെ അടുത്ത സീസണിലേക്ക് നാല് കോടി രൂപ നൽകിയാണ് ടീം നിലനിർത്തിയത്. കളക്കളത്തിൽ സാന്നിധ്യം കുറവാണെങ്കിലും ആരാധകർ സ്നേഹത്തോടെ ‘തല’യെന്ന് വിളിക്കുന്ന ധോണിക്ക് മാർക്കറ്റ് വാല്യു ഒട്ടും ഇടിഞ്ഞിട്ടില്ല. ഈ വർഷം താരം പ്രത്യക്ഷപ്പെട്ട പരസ്യങ്ങളുടെ കണക്ക് ഇക്കാര്യം അരക്കിട്ടുറപ്പിക്കുന്നു.
2024ന്റെ ആദ്യ പകുതിയിൽ, ബ്രാൻഡ് എൻഡോഴ്സ്മെന്റിൽ ബോളിവുഡിലെ വമ്പൻ താരങ്ങളെ പോലും പിന്നിലാക്കിയാണ് ധോണിയുടെ കുതിപ്പ്. അമിതാഭ് ബച്ചനും ഷാറൂഖ് ഖാനും ഉൾപ്പെടെ ധോണിക്ക് പിന്നിലായെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജനുവരി മുതൽ ജൂൺ വരെ 42 ബ്രാൻഡുകളുമായാണ് ധോണി കരാറിൽ ഏർപ്പെട്ടത്. ഇതേകാലയളവിൽ അമിതാഭ് ബച്ചൻ 41ഉം ഷാറൂഖ് ഖാൻ 34 കമ്പനികളെയുമാണ് പ്രമോട്ട് ചെയ്തത്. അടുത്തിടെ യൂറോഗ്രിപ് ടയറിന്റെ പരസ്യത്തിൽ സജീവമായ ധോണി, ഗൾഫ് ഓയിൽ, ക്ലിയർട്രിപ്, മാസ്റ്റർ കാർഡ്, സിട്രോൺ, ലയ്സ്, ഗരുഡ എയ്റോസ്പേസ് എന്നിവയുടെയെല്ലാം പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
2023ൽ സി.എസ്.കെയെ അഞ്ചാം കിരീടത്തിലേക്ക് നയിച്ച ശേഷമാണ് ധോണി ക്യാപ്റ്റൻസി ഉപേക്ഷിച്ചത്. കഴിഞ്ഞ സീസണിൽ ഋതുരാജ് ഗെയ്ക്വാദാണ് ടീമിനെ നയിച്ചത്. ഗെയ്ക്വാദിനു കീഴിൽ പ്ലേഓഫ് കാണാൻ ടീമിനായില്ല. കഴിഞ്ഞ മാസം നടന്ന മെഗാ ലേലത്തിൽ, ഐ.പി.എൽ ചട്ടത്തിൽ ഭേദഗതി വരുത്തി അൺക്യാപ്ഡ് പ്ലേയർ ആക്കിയാണ് 43കാരനായ ധോണിയെ ചെന്നൈ നിലനിർത്തിയത്. ഗെയ്ക്വാദ്, രവീന്ദ്ര ജദേജ, മതീഷ പതിരാന, ശിവം ദുബെ എന്നിവരാണ് ടീം നിലനിർത്തിയ മറ്റ് താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.