ഐ.പി.എൽ രണ്ടാം പൂരത്തിൽ ശിഷ്യനും ഗുരുവും ഇന്ന് നേർക്കുനേർ
text_fieldsമുംബൈ: ഐ.പി.എൽ രണ്ടാം പൂരത്തിൽ ഇന്ന് വിക്കറ്റ് കീപ്പർമാർ നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപിറ്റൽസും നേർക്കുനേർ. യുവതാരം ഋഷഭ് പന്ത് തെൻറ ഗുരുവായ എം.എസ്. ധോണിക്കെതിരെ പോരിനിറങ്ങുേമ്പാൾ, ആര് ജയിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. യു.എ.ഇ ഐ.പി.എല്ലിലെ റണ്ണേഴ്സ്അപ്പുകളാണ് ഡൽഹി. ക്യാപ്റ്റെൻറ റോളിൽ പന്തിറങ്ങുേമ്പാൾ, ഒരേസമയം ആത്മവിശ്വാസവും സമ്മർദവും നൽകുന്ന കാര്യമാണിത്. പരിക്കേറ്റ ശ്രേയസ് അയ്യർക്കു പകരമായാണ് പന്ത് ഡൽഹിയെ നയിക്കാൻ എത്തുന്നത്.
നിർണായക സമയങ്ങളിൽ ക്യാപ്റ്റെൻറ തീരുമാനത്തിന് ഏറെ പ്രാധാന്യമുള്ള ഐ.പി.എല്ലിൽ, ആ റോൾ പന്തിന് നിർവഹിക്കാനാവുമോയെന്നും ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നുണ്ട്. യുവതാരങ്ങളും അനുഭവസമ്പത്ത് ഒരുപാടുള്ള താരങ്ങളും േചർന്നതാണ് ഡൽഹിയുടെ കരുത്ത്. ശിഖർ ധവാൻ, പൃഥ്വി ഷാ, അജിൻക്യ രഹാനെ, സ്റ്റീവ് സ്മിത്ത് എന്നിവർ ബാറ്റിങ്ങിൽ എന്നും വിശ്വസിക്കാവുന്നവരാണ്. കഴിഞ്ഞ സീസണിൽ 618 റൺസുമായി ധവാൻ ടോപ്സ്കോറർ പട്ടികയിൽ രണ്ടാമതുണ്ടായിരുന്നു. ഒപ്പം സ്കോറിന് വേഗം കൂട്ടാനായി മാർകസ് സ്റ്റോയിണിസ്, ഷിംറോൺ ഹെറ്റ്മെയർ, സാം ബില്ലിങ്സ് എന്നീ ഓൾറൗണ്ടർമാരുമുണ്ട്. സ്പിന്നറായ അക്സർ പട്ടേലിന് കോവിഡ് ബാധിച്ചതാണ് ഏക തിരിച്ചടിയുള്ളത്. എങ്കിലും ആർ. അശ്വിനും അമിത് മിശ്രയും അതു പരിഹരിക്കും.
ഐ.പി.എല്ലിലെ 'വയസ്സൻപട' എന്ന വിളിപ്പേരുള്ള ധോണിക്കും സംഘത്തിനും കഴിഞ്ഞ സീസണിലെ പതനം മറക്കാൻ ജയത്തോടെ തുടങ്ങിയേ പറ്റൂ. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്തായിരുന്നു ചെന്നൈ സൂപ്പർ കിങ്സ്. ഐ.പി.എല്ലിലെ ടോപ്സ്കോററായ സുരേഷ് റെയ്ന ടീമിലേക്ക് തിരിച്ചെത്തിയതാണ് ചെന്നൈക്ക് ഉണർവേകുന്ന കാര്യം. ഒപ്പം സാം കറനും മുഈൻ അലിയും ഫാഫ് ഡുപ്ലസിസും അമ്പാട്ടി റായുഡുവുമെല്ലാം ധോണിയുടെ വിജയചേരുവകളാവും. കൗതുകമൂറുന്ന പന്തും ധോണിയും നയിക്കുന്ന 'തലമുറ' പോരിൽ വിജയം ആർക്കൊപ്പമാവുമെന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.