കഴിഞ്ഞ മത്സരത്തിൽ ആർ.സി.ബിക്ക് സംഭവിച്ച ഏറ്റവും നല്ലകാര്യം ധോണിയുടെ 110 മീറ്റർ സിക്സറായിരുന്നുവെന്ന് കാർത്തിക്
text_fieldsഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് സംഭവിച്ച ഏറ്റവും നല്ല കാര്യം ധോണിയുടെ 110 മീറ്റർ സിക്സറായിരുന്നുവെന്ന് ദിനേശ് കാർത്തിക്. തമാശരൂപേണയാണ് കാർത്തിക്കിന്റെ പ്രതികരണം.
അവസാന ഓവറിലെ ധോണിയുടെ സിക്സ് ഗ്രൗണ്ടിന് പുറത്തേക്ക് പോയതിനാൽ ഞങ്ങൾക്ക് പുതിയ പന്ത് ലഭിച്ചു. ഇതുമൂലം കൂടുതൽ നല്ല രീതിയിൽ ബൗൾ ചെയ്യാൻ സാധിച്ചുവെന്ന് കാർത്തിക് പറഞ്ഞു. മികച്ച രീതിയിലാണ് യഷ് ബൗൾ ചെയ്തത്. ഐ.പി.എല്ലിൽ അഭിമാനകരമായ യാത്രയാണ് ഞങ്ങൾ നടത്തിയത്. ജനങ്ങൾ ഇത്തരം യാത്രകൾ എപ്പോഴും ഓർമിച്ചിരിക്കും. എട്ട് മത്സരങ്ങൾക്ക് ശേഷം ആറ് കളികൾ വിജയിച്ചാണ് ഞങ്ങൾ ഇന്ന് ഇവിടെ എത്തിയതെന്നും കാർത്തിക് പറഞ്ഞു.
അവസാനപന്തു വരെ ആവേശം തുളുമ്പിത്തുടിച്ചുനിന്ന ഐ.പി.എല്ലിലെ അതിനിർണായക പോരാട്ടത്തിൽ ചെന്നൈയെ 27 റൺസിന് വീഴ്ത്തിയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു േപ്ലഓഫിന് യോഗ്യത നേടിയത്. സാധ്യതകൾ പലത് മാറിമറിഞ്ഞ ചിന്നസ്വാമി മൈതാനത്ത് ഇരുടീമും അവസാനം വരെ പ്രതീക്ഷ നിലനിർത്തിയതിനൊടുവിലായിരുന്നു ആതിഥേയർക്ക് ജയവും േപ്ലഓഫും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ അഞ്ച് വിക്കറ്റിനാണ് 218ലെത്തിയത്. ഓപണറും ക്യാപ്റ്റനുമായ ഫാഫ് ഡു പ്ലെസിസ് 39 പന്തിൽ 54 റൺസെടുത്ത് ടോപ് സ്കോററായി. വിരാട് കോഹ്ലി 29 പന്തിൽ 47ഉം രജത് പാട്ടിദാർ 23 പന്തിൽ 41ഉം റൺസടിച്ചപ്പോൾ 17 പന്തിൽ 38 റൺസുമായി കാമറൂൺ ഗ്രീൻ പുറത്താവാതെ നിന്നു.
ടോസ് നേടിയ ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‍വാദ് ബൗളിങ് തീരുമാനിച്ചു. പ്ലേ ഓഫിൽ കടക്കാൻ മികച്ച ജയം അനിവാര്യമായ ബംഗളൂരുവിനായി കോഹ്ലിയും ഡുപ്ലെസിസും ചേർന്ന് മികച്ച തുടക്കം നൽകി. മൂന്ന് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 31ൽ നിൽക്കെ മഴയെത്തി. അരമണിക്കൂറിന് ശേഷമാണ് കളി പുനരാരംഭിച്ചത്. പത്താം ഓവറിൽ സ്കോർ 78ൽ കോഹ്ലിയെ ഡാരിൽ മിച്ചലിന്റെ കൈകളിലെത്തിച്ചു മിച്ചൽ സാന്റ്നർ. 13 ഓവർ പൂർത്തിയാകവെ ഡുപ്ലെസിസിനെ സാന്റ്നർ റണ്ണൗട്ടാക്കി. രണ്ടിന് 113.
പാട്ടിദാർ-ഗ്രീൻ സഖ്യം തകർത്തടിച്ചതോടെ ബംഗളൂരു 200 റൺസ് കടക്കുമെന്ന് ഉറപ്പായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിരയിൽ ഗെയ്ക്‍വാദ് പൂജ്യത്തിന് മടങ്ങി. ഡാരിൽ മിച്ചൽ, ശിവം ദുബെ, സാന്റ്നർ എന്നിവരും രണ്ടക്കം കടന്നില്ല. അർധ സെഞ്ച്വറി കടന്ന് കുതിച്ച രചിൻ രവീന്ദ്ര അനാവശ്യ റണ്ണിനായി ഓടി വിക്കറ്റ് കളഞ്ഞു. രചിൻ രവീന്ദ്രയും അജിങ്ക്യ രഹാനെയും തുടക്കമിട്ടത് രവീന്ദ്ര ജഡേജയും എം.എസ് ധോണിയും ചേർന്ന് പൂർത്തിയാക്കുമെന്ന് തോന്നിച്ചെങ്കിലും യാഷ് ദയാൽ എറിഞ്ഞ അവസാന ഓവർ കളി മാറ്റുകയായിരുന്നു. 110 മീറ്റർ അകലേക്ക് സിക്സ് പായിച്ച് ധോണി സീസണിലെ റെക്കോഡ് കുറിച്ചത് മാത്രമായി മിച്ചം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.