'മണിക്കൂറുകളോളം ബാറ്റ് വീശാൻ ജിം ശരീരം ഒന്നും വേണ്ട'; സർഫറാസ് ഖാനെ പുകഴ്ത്തി കൈഫ്
text_fieldsഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിൽ ഇന്ത്യക്കായി സെഞ്ച്വറി തികച്ച സർഫറാസ് ഖാനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം കൈഫ്. താരത്തിന്‍റെ ശരീരം വെച്ച് ഫിറ്റ്നസിനെ അളക്കേണ്ടതില്ലെന്നാണ് കൈഫ് പറഞ്ഞത്. സർഫറാസിന് മണിക്കൂറുകൾ ബാറ്റ് വീശാൻ ജിം ബോഡിയുടെ ആവശ്യമില്ലെന്നും കൈഫ് എക്സിൽ കുറിച്ചു. താൻ മുമ്പ് ട്വിറ്ററിൽ സർഫറാസിനെ പുകഴ്ത്തി എഴുതിയ പോസ്റ്റ് കുത്തുപ്പൊക്കിയാണ് അദ്ദേഹം ഇത്തവണ എഴുതിയത്.
'ഞാൻ എപ്പോഴും പറയാറുണ്ട് സർഫറാസിനെ ഫിറ്റനസിന്‍റെ പേരിൽ പുറത്തിരുത്തരുതെന്ന്. അവന് ജിം ശരീരം ഒന്നുമല്ല. എന്നാലും മണിക്കൂറുകൾ ബാറ്റ് വീശാൻ സാധിക്കാറുണ്ട്.
ക്രിക്കറ്റ് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു കളിയാണ്,' കൈഫ് എക്സിൽ കുറിച്ചു.
രണ്ടാം ഇന്നിങ്സിൽ 150 റൺസെടുത്ത് കൊണ്ടാണ് അദ്ദേഹം ക്രീസ് വിട്ടത്. നാലാമനായി ക്രീസിലെത്തിയ സർഫറാസ് 195 പന്ത് നേരിട്ടാണ് 150 റൺസ് നേടിയത്. 18 ഫോറും മൂന്ന് സിക്സറും അദ്ദേഹത്തിന്‍റെ ഇന്നിങ്സിലുണ്ടായിരുന്നു. മൂന്നാം വിക്കറ്റിൽ വിരാട് കോഹ്ലിയുമായി 136 റൺസിന്‍റെ കൂട്ടുക്കെട്ടുണ്ടാക്കിയ സർഫറാസ് നാലാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം 177 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ സർഫറാസിന്‍റെ ആദ്യ സെഞ്ച്വറിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.