മുഹമ്മദ് സിറാജ് ബൂംറയേക്കാൾ വൈദഗ്‌ധ്യമുള്ള ബൗളറെന്ന് നെഹ്റ
text_fieldsന്യൂഡൽഹി: ഐ.പി.എല്ലിലെയും ആഭ്യന്തര ടൂർണമെൻറുകളിലെയും കളിമികവിൽ ഇന്ത്യൻ ടീമിലെത്തിയ മുഹമ്മദ് സിറാജ് കോഹ്ലിപ്പടയുടെ അവിഭാജ്യ ഘടകമായി വളർന്നുകൊണ്ടിരിക്കുകയാണ്.
സീനിയർ താരവും ടീം ഇന്ത്യയുടെ ബൗളിങ് കുന്തമുനയുമായ ബൂംറയേക്കാൾ വൈദഗ്‌ധ്യമുള്ള താരമാണ് സിറാജെന്ന് വാഴ്ത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ.
സിറാജിന് ഇതിനോടകം ബുംറയേക്കാൾ വേരിയേഷൻസ് ഉണ്ട്. ഫിറ്റ്നസ് നിലനിർത്താനും മത്സര അവബോധം വർധിപ്പിക്കാനും കഴിഞ്ഞാൽ അവന്‍റെ ഉയർച്ചക്ക് അതിരുകൾ കാണില്ലെന്നാണ് നെഹ്റ പറയുന്നത്.
'ഒന്ന് രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ എക്കായി എല്ലാ ടെസ്റ്റ് മത്സരങ്ങളിലും അഞ്ചും ആറും വിക്കറ്റ് വീഴ്ത്തുന്ന ഒരു ബൗളറായിരുന്നു അവൻ. ഇപ്പോൾ എല്ലാ ഫോർമാറ്റിനും അനുയോജ്യനായ കളിക്കാരനായി അവൻ മാറി. എല്ലാ തരത്തിലും പന്തിൽ വേരിയേഷൻ നടത്താൻ അവന് സാധിക്കും. നിങ്ങൾ വേരിയേഷനെ കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ വൈദഗ്ധ്യത്തിന്‍റെ കാര്യത്തിൽ അവൻ ബുംറയെക്കാൾ മുന്നിലാണ്' -നെഹ്റ ക്രിക്ബസിന്റെ വിഡിയോയിൽ സംസാരിച്ചു.
'പന്തിന്‍റെ വേഗത കൂട്ടാനും കുറക്കാനും അവന് അനായാസം സാധിക്കും. ന്യൂബോളിൽ തിളങ്ങാനുമാകും. കായികക്ഷമത നിലനിർത്തുകയും മാനസിക കരുത്താർജ്ജിക്കുകയും ചെയതാൽ അവന്‍റെ ഉയർച്ചക്ക് അതിരുകൾ കാണില്ല' -നെഹ്റ കൂട്ടിച്ചേർത്തു.
സ്ഥിരം പേസർമാരായ ബൂംറ, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ് എന്നിവരുടെ അസാന്നിധ്യത്തിലാണ് ഇന്ത്യയുടെ ടെസ്റ്റ് കുപ്പായത്തിൽ അരങ്ങേറാൻ സിറാജിന് സാധിച്ചത്. ആസ്ട്രേലിയക്കെതിരെ അവരുടെ മണ്ണിലായിരുന്നു അത്. ഡൗൺ അണ്ടറിൽ അരങ്ങേറ്റം ഗംഭീരമാക്കിയ സിറാജിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യൻ ടീമിലെ സ്ഥിരം സീമർമാരിൽ ഒരാളായി മാറിയിരിക്കുകയാണ് സിറാജ് ഇപ്പോൾ.
ഈ സീസൺ ഐ.പി.എല്ലിലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി സധൈര്യം ന്യൂബോൾ ഏൽപിക്കുന്നതും സിറാജിനെയാണ്. സീസണിൽ ഏറ്റവും ആദ്യം 50 ഡോട്ട്ബോളുകൾ എറിഞ്ഞ ബൗളറാണ് സിറാജ്. നാലുമത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.