പ്ലേഓഫിലേക്ക് ഇടിച്ചുകയറാൻ മുംബൈ- ബംഗളൂരു ഇന്ന് നേർക്കുനേർ
text_fieldsമുംബൈ: തോൽവി ഇരു ടീമിനും ഐപിഎല്ലിൽ പുറത്തേക്കുള്ള വഴി തുറക്കാൻ സാധ്യതയുള്ളതിനാൽ മുംബൈ വാഖംഡെ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ബംഗളൂരു-മുംബൈ പോരാട്ടം തീപാറും. 10 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി നേരിയ ശരാശരിയുടെ വ്യത്യാസത്തിൽ 6ഉം 8ഉം സ്ഥാനങ്ങളിലാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരും ( ആർ.സി.ബി), മുംബൈ ഇന്ത്യൻസും യഥാക്രമം നിൽക്കുന്നത്. ഇന്ന് ജയിക്കുന്ന ടീമിന് മൂന്നാം സ്ഥാനത്തേക്കുയരാം. അവസാന നാലിലേക്കുള്ള പോരാട്ടത്തിൽ ഏഴു ടീമുകളാണ് ഇഞ്ചോടിഞ്ച് പോരാടുന്നത്. അതുകൊണ്ട് തുടർ മത്സരങ്ങളിൽ എല്ലാം ജയിക്കുക എന്നതിൽ കവിഞ്ഞൊരു ലക്ഷ്യവും ഒരു ടീമിനും ഉണ്ടാകില്ല.
ഏപ്രിൽ ആദ്യവാരം ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മുംബൈയെ എട്ടുവിക്കറ്റിന് ബംഗളൂരു പരാജയപ്പെടുത്തിയിരുന്നു. എന്നാൽ, സ്വന്തം തട്ടകത്തിൽ നടക്കുന്ന പോരാട്ടത്തിൽ മുംബൈ വീറുകാട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുംബൈ നായകൻ രോഹിത് ശർമയുടെ മോശം ഫോം ടീമിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഐ.പി.എല്ലിൽ തന്റെ അവസാന നാല് ഇന്നിംഗ്സുകളിൽ അഞ്ച് റൺസ് മാത്രമാണ് നേടിയത്. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ ഡക്കുകളും തന്റെ പേരിൽ ചേർത്തു. പരിക്കിനെ തുടർന്ന് മടങ്ങിയ പേസർ ജോഫ്ര ആർച്ചറിന് പകരം ക്രിസ് ജോർദൻ ടീമിലെത്തിയത് കരുത്തേകും.
മറുഭാഗത്ത് ബംഗളൂരും നായകൻ ഫാഫ് ഡുപ്ലിസിസും വിരാട് കോഹ്ലിയും മികച്ച ഫോമിലാണ് എന്നത് മുതൽക്കൂട്ടാണ്. എന്നാൽ വിരാട് കൊഹ്ലിയുടെ വേഗതകുറഞ്ഞ ഇന്നിങ്സ് പലപ്പോഴും വിനയാകുന്നുവെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.