മുംബൈ ഇന്ത്യൻസിന്‍റെ ‘ഡി.ആർ.എസ് ചതി’; പഞ്ചാബ് പരാതിപെട്ടിട്ടും ഇടപെട്ടില്ല -വിവാദം
text_fieldsമുല്ലൻപൂർ: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെ ഒമ്പത് വിക്കറ്റിന് വീഴ്ത്തിയാണ് മുംബൈ ഇന്ത്യൻസ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയത്. പേസർ ജസ്പ്രീത് ബുംറയുടെ തകർപ്പൻ ബൗളിങ്ങാണ് വിജയത്തിൽ നിർണായകമായത്. ഒരുഘട്ടത്തിൽ അശുതോഷ് ശർമയുടെയും ശശാങ്ക് സിങ്ങിന്‍റെയും വെടിക്കെട്ട് ബാറ്റിങ് വിജയപ്രതീക്ഷ നൽകിയെങ്കിലും പഞ്ചാബ് പൊരുതിവീണു.
മത്സരശേഷം പുറത്തുവന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മുംബൈ താരങ്ങൾ ഡി.ആർ.എസ് വിളിക്കുന്നതിൽ കൃത്രിമം കാട്ടിയെന്ന ആരോപണവും ഇതോടെ ശക്തമായി. മത്സരത്തിനിടെ ഡഗ് ഔട്ടിൽ ഇരിക്കുകയായിരുന്ന മുംബൈയുടെ ടിം ഡേവിഡ് ഗ്രൗണ്ടിൽ ഉള്ള താരങ്ങൾക്ക് ഡി.ആർ.എസ് എടുക്കാൻ നിർദേശം നൽകുന്നതാണ് രംഗം. താരം സൂചന നൽകുന്നത് കൃത്യമായി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. മത്സരത്തിന്റെ 15ാം ഓവറിലായിരുന്നു സംഭവം.
ഈ ഘട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലായിരുന്നു മുംബൈ. സൂര്യകുമാർ യാദവും തിലക് വർമയുമായിരുന്നു ക്രീസിൽ. ഡേവിഡ് ആംഗ്യം കാണിച്ചതിനു പിന്നാലെ സൂര്യകുമാർ വൈഡിനു വേണ്ടി ഡി.ആർ.എസ് എടുക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപെട്ട പഞ്ചാബ് ടീം ക്യാപ്റ്റൻ സാം കറൻ മുംബൈ പുറത്തുനിന്നുള്ള സഹായം സ്വീകരിക്കുന്നുണ്ടെന്ന് അമ്പയറോട് പരാതിപെട്ടെങ്കിലും ഫലമുണ്ടായില്ല.
ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പഞ്ചാബ് ബൗളർ എറിഞ്ഞത് വൈഡാണെന്ന് വിധിക്കുകയും ചെയ്തു. ടിവിയിൽ റീപ്ലേ കണ്ട ശേഷമാണ് മുംബൈ ഡഗ് ഔട്ടിൽനിന്ന് ടിം ഡേവിഡ് ഗ്രൗണ്ടിലുള്ള താരങ്ങളെ സഹായിച്ചതെന്നാണു വിവരം. മുംബൈയുടെ നടപടി വ്യാപക വിമർശനത്തിനിടയാക്കുകയും ചെയ്തു. മുംബൈയെ സഹായിക്കാനുള്ള അമ്പയറുടെ ബോധപൂർവമായ നീക്കമാണിതെന്ന് ആരാധകർ കുറ്റപ്പെടുത്തി. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത മുംബൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് 19.1 ഓവറിൽ 183 റൺസിന് ഓൾ ഔട്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.