സൂര്യ അടിത്തറ പാകി, ടിം അടിച്ചു പറത്തി; രാജസ്ഥാന്റെ റൺമല തകർത്ത് മുംബൈ, ആറ് വിക്കറ്റ് ജയം
text_fieldsകൂറ്റൻ വിജയലക്ഷ്യമുയർത്തിയ രാജസ്ഥാൻ റോയൽസിനെ പിന്തുടർന്ന് തോൽപ്പിച്ച് രോഹിത് ശർമയും സംഘവും. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാൻ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 212 റൺസായിരുന്നു. യശസ്വി ജെയ്സ്വാളിന്റെ തകർപ്പൻ സെഞ്ച്വറിയാണ് (62 പന്തുകളിൽ 124) രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ മൂന്ന് പന്തുകളും ആറ് വിക്കറ്റുകളും ബാക്കി നിൽക്കെ മുംബൈ ലക്ഷ്യം കാണുകയായിരുന്നു. സ്കോർ- മുംബൈ:214 (4 wkts, 19.3 Ov)
സൂര്യകുമാർ യാദവ് മത്സരത്തിൽ അർധ സെഞ്ച്വറി (55) നേടി. 29 പന്തുകളിൽ എട്ട് ഫോറുകളും രണ്ട് സിക്സുമടങ്ങുന്നതാണ് സൂര്യയുടെ ഇന്നിങ്സ്. കാമറോൺ ഗ്രീനും (26 പന്തുകളിൽ 44) തിളങ്ങി. എന്നാൽ, ഇരുവരും പുറത്തായതോടെ ടീമിനെ കൂറ്റനടികളിലൂടെ വിജയത്തിലേക്ക് നയിച്ചത് ടിം ഡേവിഡായിരുന്നു. 14 പന്തുകളിൽ പുറത്താകാതെ 45 റൺസ് നേടിയ താരം അഞ്ച് സിക്സുകളും രണ്ട് ഫോറുകളും പറത്തിയിരുന്നു. തിലക് വർമ 21 പന്തുകളിൽ 29 റൺസ് എടുത്ത് പുറത്താകാതെ നിന്നു.
ഐ.പി.എല്ലിലെ തന്റെ കന്നി സെഞ്ച്വറിയാണ് യശസ്വി ജെയ്സ്വാൾ ഇന്ന് കുറിച്ചത്. 16 ഫോറുകളും 8 സിക്സറുകളുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഫോറുകളും സിക്സറുകളുമടിച്ച് 112 റൺസാണ് രാജസ്ഥാൻ ഓപണർ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈക്കെതിരെ 43 പന്തുകളിൽ 77 റൺസ് എടുത്തിരുന്നു.
ജയ്സ്വാൾ ഒഴിച്ചുള്ള രാജസ്ഥാൻ ബാറ്റർമാരിൽ ആർക്കും 20 റൺസ് പോലുമെടുക്കാൻ കഴിഞ്ഞില്ല. വീണ്ടും ഏകദിന ശൈലിയിൽ ബാറ്റ് വീശി നായകൻ സഞ്ജു സാംസണും നിരാശപ്പെടുത്തിയിരുന്നു. 10 പന്തുകളിൽ 14 റൺസാണ് താരത്തിന്റെ സമ്പാദ്യം. നാല് പന്തുകളിൽ രണ്ട് റൺസ് മാത്രമാണ് ദേവ്ദത്ത് പടിക്കലിന്റെ സംഭാവന. ജോസ് ബട്ലറും (19 പന്തുകളിൽ 18) തിളങ്ങിയില്ല. കൂറ്റനടിക്കാരാനായ ഷിംറോൺ ഹെത്മയർ എട്ട് റൺസ് മാത്രമാണെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.