അനായാസം മുംബൈ; സൺറൈസേഴ്സ് ഹൈദരാബാദിനെ നാല് വിക്കറ്റിന് വീഴ്ത്തി
text_fieldsമുംബൈ: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് നാല് വിക്കറ്റ് ജയം. വാങ്കഡെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 18.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
36 റൺസെടുത്ത വിൽജാക്സാണ് ടോപ് സ്കോറർ. റിയാൻ റിക്കിൽടൺ 31ഉം രോഹിത് ശർമ 26 ഉം സൂര്യകുമാർ യാദവ് 26 ഉം റൺസെടുത്ത് പുറത്തായി.
9 പന്തിൽ 21റൺസെടുത്ത് നായകൻ ഹാർദിക് പാണ്ഡ്യ വിജയതീരത്ത് എത്തിച്ചെങ്കിലും ജയിക്കാൻ ഒരു റൺസ് വേണ്ട സമയത്ത് കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായി. ഇഷാൻ മല്ലിംഗ എറിഞ്ഞ അതേ ഓവറിൽ റൺസെടുക്കും മുൻപ് നമൻധിറും മടങ്ങി. സീഷാൻ അൻസാരിയെ ബൗണ്ടറി കടത്തി തിലക് വർമ (21) അനായാസം വിജയത്തിലെത്തിച്ചു. ഹൈദരാബാദിന് വേണ്ടി നായകൻ പാറ്റ് കമിൻസ് മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ, 28 പന്തിൽ 40 റൺസെടുത്ത ഓപണർ അഭിഷേക് ശർമയും 28 പന്തിൽ 37 റൺസെടുത്ത ഹെൻറിച്ച് ക്ലാസനുമാണ് സൺറൈസേഴ്സിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. എട്ടാം ഓവറിൽ അഭിഷേകിനെ ഹാർദിക് മടക്കി ആദ്യ ബ്രേക് ത്രൂ നൽകി. വിൽ ജാക്സ് എറിഞ്ഞ തൊട്ടടുത്ത ഓവറിൽ ഇഷാൻ കിഷനെ (2) വിക്കറ്റ് കീപ്പർ റയാൻ റിക്കിൾട്ടൻ സ്റ്റമ്പ് ചെയ്തതോടെ രണ്ടിന് 68. താളം കണ്ടെത്താൻ വിഷമിച്ച ട്രാവിസ് ഹെഡ് 29 പന്തിൽ 28 റൺസെടുത്ത് ജാക്സിന് രണ്ടാം വിക്കറ്റ് സമ്മാനിച്ചു. 21 പന്തിൽ 19 റൺസ് നേടി നിതീഷ് കുമാർ റെഡ്ഡിയും മടങ്ങി.
തുടർന്ന് ഹെൻറിച്ച് ക്ലാസന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് (28 പന്തിൽ 37) സൺറൈസേഴ്സിനെ കരകയറ്റിയത്. 19ാം ഓവറിൽ ക്ലാസനെ ജസ്പ്രീത് ബുംറ ബൗൾഡാക്കി. എട്ടു പന്തിൽ 18 റൺസെടുത്ത അനികെത് വർമയും എട്ടു റൺസെടുത്ത പാറ്റ് കമിൻസും പുറത്താകാതെ നിന്നു. മുംബൈക്ക് വേണ്ടി ജാക്സ് രണ്ടും ബുംറ, ട്രെന്റ് ബോൾട്ട്, ഹാർദിക് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.