ചെന്നൈക്ക് പിന്നാലെ മുംബൈക്കും തുടർച്ചയായ നാലാം തോൽവി
text_fieldsപുണെ: ഐ.പി.എല്ലിലെ റെക്കോഡ് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനും തുടർച്ചയായ നാലാം തോൽവി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് ഏഴു വിക്കറ്റിന് മുംബൈയെ തകർത്തത്.
ആദ്യം ബാറ്റുചെയ്ത് ആറിന്ന് 151 റൺസെടുത്ത മുംബൈക്കെതിരെ ഒമ്പത് പന്ത് ബാക്കിയിരിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂർ വിജയത്തിലെത്തി. അനൂജ് റാവത്തും (47 പന്തിൽ 66) വിരാട് കോഹ്ലിയും (36 പന്തിൽ 48) ആണ് ബാംഗ്ലൂരിനെ ജയത്തിലെത്തിച്ചത്. നേരത്തേ, 10 ഓവറിൽ അഞ്ചിന് 69 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ മുംബൈയെ 37 പന്തിൽ 68 റൺസുമായി പുറത്താവാതെനിന്ന സൂര്യകുമാർ ഒറ്റക്ക് കരകയറ്റുകയായിരുന്നു.
ആറു സിക്സും അഞ്ചു ബൗണ്ടറിയും പായിച്ച സൂര്യകുമാർ അഭേദ്യമായ ഏഴാം വിക്കറ്റിന് ജയ്ദേവ് ഉനദ്കട്ടിന് (14 പന്തിൽ 13) ഒപ്പം 40 പന്തിൽ 72 റൺസ് കൂട്ടിച്ചേർത്തു. പരിക്കുമൂലം ആദ്യ രണ്ടു കളികളിൽ പുറത്തിരുന്ന സൂര്യകുമാറിന്റെ തുടർച്ചയായ രണ്ടാം അർധശതകമാണിത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ തരക്കേടില്ലാത്ത തുടക്കത്തിനുശേഷമാണ് പൊടുന്നനെ തകർന്നത്. ഫോമിലേക്കുയർന്നുവരികയായിരുന്ന നായകൻ രോഹിത് ശർമ (15 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 26) സ്കോർ 50ൽനിൽക്കെയാണ് പുറത്തായത്.
മറുഭാഗത്ത് ഇഷാൻ കിഷൻ (28 പന്തിൽ 26) തപ്പിത്തടയുകയായിരുന്നു. ഒരു വിക്കറ്റിന് 60ലെത്തിയ മുംബൈയെ കണ്ണടച്ച് തുറക്കുംമുമ്പ് അഞ്ചിന് 62 എന്ന നിലയിലായി. കിഷനും ഡെവാൾഡ് ബ്രെവിസും (8),തിലക് വർമയും (0), കീറൺ പൊള്ളാർഡും (0) പുറത്ത്.
അധികം വൈകാതെ രമൺദീപ് സിങ്ങും (6) മടങ്ങിയശേഷമായിരുന്നു ഉനദ്കട്ടിനെ കൂട്ടുപിടിച്ച് സൂര്യകുമാറിന്റെ രക്ഷാപ്രവർത്തനം. ബാംഗ്ലൂരിനായി ഹർഷൽ പട്ടേലും വാനിന്ദു ഹസരംഗയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. യഥാക്രമം 23ഉം 28ഉം റൺസേ ഇരുവരും വഴങ്ങിയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.