പൊള്ളാർഡിന്‍റെ കൈക്കരുത്തിൽ പൊള്ളി ചെന്നൈ; ഐ.പി.'എൽ ക്ലാസികോ' പിടിച്ചെടുത്ത് മുംബൈ
text_fieldsന്യൂഡൽഹി: തലങ്ങും വിലങ്ങും സിക്സറുകൾ ആകാശം മുേട്ട പറന്ന മത്സരത്തിൽ അവസാന പന്തിൽ വിജയം നെഞ്ചോടക്കി മുംബൈ ഇന്ത്യൻസ്. ഐ.പി.എല്ലിലെ 'എൽ ക്ലാസികോ'യുടെ സർവ ആവേശവും ദൃശ്യമായ മത്സരത്തിൽ അവസാന പന്തിൽ രണ്ടുറൺസ് ഓടിയെടുത്തായിരുന്നു മുംബൈയുടെ ജയം. 218 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം മുന്നിലുയർത്തി ആത്മവിശ്വാസത്തിന്‍റെ നെറുകയിൽ നിന്ന ചെന്നൈയെ കീറൺ പൊള്ളാർഡ് (34 പന്തിൽ 87) വലിച്ച് താഴെയിടുകയായിരുന്നു. കൈക്കരുത്തു കൊണ്ട് സംഹാര താണ്ഡവമാടിയ പൊള്ളാർഡ് ഐ.പി.എൽ ചരിത്രത്തിലെത്തന്നെ വീരോചിത ഇന്നിങ്സുകളിലൊന്നാണ് കാഴ്ചവെച്ചത്. എട്ടു സിക്സറുകളും ആറുബൗണ്ടറികളും പൊള്ളാർഡിന്‍റെ കൈക്കരുത്തിൽ പിറന്നു. ലുൻഗി എൻഗിഡി നാലോവറിൽ 62 റൺസും ഷർദുൽ താക്കൂർ 56 റൺസും വഴങ്ങിയപ്പോൾ 34 റൺസിന് 3 വിക്കറ്റെടുത്ത സാം കറനാണ് ചെന്നൈക്കായി ഭേദപ്പെട്ട നിലയിൽ പന്തെറിഞ്ഞത്.
ക്വിന്‍റൺ ഡികോക്കും (38) രോഹിത് ശർമയും (35) നന്നായി തുടങ്ങിയ ഇന്നിങ്സിൽ സൂര്യകുമാർ യാദവ് (3) പെട്ടെന്ന് മടങ്ങിയതോെട ചെന്നെ വിജയം മണത്തു. അവിടന്നങ്ങോട്ടായിരുന്നു പൊള്ളാർഡ് പെയ്തിറങ്ങിയത്.ക്രുണാൽ പാണ്ഡ്യ (32), ഹാർദിക് പാണ്ഡ്യ (16) എന്നിവർ പൊള്ളാർഡിന് ഒത്ത കൂട്ടായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് മിന്നും ഫോമിലുളള ഫാഫ് ഡുെപ്ലസി (28 പന്തിൽ 50), മുഈൻ അലി (36 പന്തിൽ 58) എന്നിവർക്കൊപ്പം അവസാന ഓവറുകളിൽ ആടിത്തിമിർത്ത അമ്പാട്ടി റായുഡുവും (27 പന്തിൽ 72) ചേർന്നതോടെ മുംബൈ തല്ലു കൊണ്ട് തളർന്നിരുന്നു. മുംബൈയുടെ പ്രീമിയം ഫാസ്റ്റ് ബൗളർ സാക്ഷാൽ ജസ്പ്രീത് ബുംറ നാലോവറിൽ വഴങ്ങിയത് 56 റൺസാണ്.
ആദ്യം ഓവറിൽ തന്നെ നാലു റൺസെടുത്ത റിഥുരാജ് ഗ്വെയ്ക്വാദിനെ ചെന്നൈക്ക് നഷ്ടമായി. എന്നാൽ തൊട്ടുപിന്നാലെയത്തിയ മുഇൗൻ അലിയും ഡുെപ്ലസിയും ചേർന്ന് അടിച്ചുതുടങ്ങിയതോടെ മുംബൈ ബൗളർമാർ വെള്ളം കുടിച്ചു. 108 റൺസിന്‍റെ കൂട്ടുകെട്ടിനൊടുവിലാണ്ബുംറയുടെ പന്തിൽ പുറത്തായി അലി മടങ്ങിയത്. തൊട്ടുപിന്നാലെ ഡുെപ്ലസിയും സുരേഷ് റെയ്നയും (2) അടുത്തടുത്ത പന്തുകളിൽ പുറത്തായതോടെ മുംബൈ മത്സരത്തിലേക്ക് മടങ്ങി വരുന്നുവെന്ന് തോന്നിച്ചു.
എന്നാൽ തുടർന്നങ്ങോട്ട് അമ്പാട്ടി റായുഡുവിന്‍റെ മാരക പ്രഹരമായിരുന്നു. ഏഴ് സിക്സറുകളും നാലു ബൗണ്ടറികളുമാണ് റായുഡുവിന്‍റെ ബാറ്റിൽ നിന്നും പറന്നത്. റായുഡു അടിച്ചുതുടങ്ങിയപ്പോൾ ഒരറ്റത്ത് കാഴ്ചക്കാരനായി നിൽക്കേണ്ട ചുമതലയേ ജദേജക്കുണ്ടായിരുന്നുള്ളൂ (22 പന്തിൽ 22). രണ്ടോവറിൽ 12 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത കീറൺ പൊള്ളാർഡാണ് മുംബൈ നിരയിൽ ഭേദപ്പെട്ട നിലയിൽ പന്തെറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.