കൈവിട്ട കളി തിരിച്ചുപിടിച്ച് മുംബൈ; കൈയ്യിലിരുന്നത് വീണ്ടും കുളമാക്കി ഹൈദരാബാദ്
text_fieldsചെന്നൈ: ബാറ്റ്സ്മാൻമാർ പണിയെടുത്തില്ലെങ്കിലും ബൗളർമാരുടെ മിടുക്കിൽ ഒരു മത്സരം കൂടി സ്വന്തമാക്കി മുംൈബ ഇന്ത്യൻസ്. മുംബൈ ഉയർത്തിയ 151 റൺസിന്‍റെ കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് 137 റൺസിന് പോരാട്ടം അവസാനിപ്പിച്ച് കൂടാരം കയറുകയായിരുന്നു. മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയ ട്രെന്‍റ് ബോൾട്ടും രാഹുൽ ചഹാറുമാണ് ഹൈദരാബാദിനെ കീറിമുറിച്ചത്. നാലോവറിൽ വെറും 14 റൺസ് മാത്രം വഴങ്ങി ഒരുവിക്കറ്റുമെടുത്ത ജസ്പ്രീത് ബുംറ മുംബൈ വിജയത്തിൽ ഒരിക്കൽ കൂടി നിർണായക പങ്കുവഹിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്നും ഹൈദരാബാദിന്‍റെ മൂന്നാം തോൽവിയും മുംബൈയുടെ രണ്ടാം ജയവുമാണിത്.
വിക്കറ്റ് നഷ്ടപ്പെടാതെ 67 റൺസിലെത്തിയ ശേഷമായിരുന്നു ഹൈദരാബാദിന്‍റെ തകർച്ച. 36 റൺസെടുത്ത ഡേവിഡ് വാർണർ, 22 പന്തിൽ നിന്നും 43 റൺസെടുത്ത ജോണി ബാരിസ്റ്റോ എന്നിവർ വീണതോടെ ഹൈദരാബാദ് സമ്മർദത്തിലേക്ക് വീഴുകയായിരുന്നു. മനീഷ് പാണ്ഡേ (2), അഭിഷേക് ശർമ (2), വിരാട് സിങ് (11), അബ്ദുൽ സമദ് (7), റാഷിദ് ഖാൻ (0), ഭുവനേശ്വർ കുമാർ (1), ഖലീൽ അഹമ്മദ് (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവനകൾ. 28 റൺസെടുത്ത വിജയ് ശങ്കർ അവസാന ഓവറുകളിൽ വിജയത്തിന് ശ്രമിച്ചെങ്കിലും എത്തിപ്പിടിക്കാനായില്ല. ബാംഗ്ലൂരിനെതിരെ കഴിഞ്ഞ മത്സരത്തിൽ 149 റൺസ് പിന്തുടർന്നിറങ്ങിയ ഹൈദരാബാദ് ആറു റൺസകലെ പോരാട്ടം അവസാനിപ്പിച്ചിരുന്നു. അതേ സമയം 152 റൺസ് മാത്രമെടുത്ത മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 142 റൺസിലൊതുക്കിയാണ് കഴിഞ്ഞ മത്സരം കഴിഞ്ഞ മത്സരം വിജയിച്ചിരുന്നത്.
വിക്കറ്റുകൾ കൈയ്യിലുണ്ടായിട്ടും ഹൈദരാബാദ് ബൗളർമാർക്കുമുമ്പിൽ റൺസ് കണ്ടെത്താനാകാതെ മുംബൈ ബാറ്റ്സ്മാൻ നട്ടം തിരിഞ്ഞതോടെയാണ് സ്കോർ 150ൽ ഒതുങ്ങിയത്. 25 പന്തിൽ 32 റൺസുമായി നായകൻ രോഹിത് ശർമ പുറത്തായതിന് പിന്നാലെയാണ് മുംബൈയുടെ സ്കോറിങ് വേഗം കുറഞ്ഞത്. 39 പന്തുകൾ നേരിട്ട ക്വിന്‍റൺ ഡികോക്കിന് 40 റൺസ് മാത്രം ചേർക്കാനായപ്പോൾ 21പന്തുകൾ നേരിട്ട ഇഷാൻ കിഷൻ എടുത്തത് 12 റൺസ് മാത്രമാണ്.
സൂര്യകുമാർ യാദവ് 10ഉം ഹാർദിക് പാണ്ഡ്യ ഏഴും റൺസെടുത്ത് പുറത്തായി. ഇന്നിങ്സിലെ അവസാന രണ്ട് പന്തുകൾ സിക്സറിന് പറത്തിയ കീറൻ പൊള്ളാർഡാണ് മുംബൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
നാലോവറിൽ 45 റൺസ് വഴങ്ങിയ ഭുവനേശ്വർ കുമാറാണ് ഹൈദരാബാദ് നിരയിൽ തല്ലുവാങ്ങിയത്. മുജീബ് റഹ്മാൻ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഖലീൽ അഹമ്മദും റാഷിദ് ഖാനും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.