രഞ്ജിയിലും രക്ഷയില്ല; മൂന്ന് റൺസെടുത്ത് രോഹിത് പുറത്ത്, ജയ്സ്വാൾ നാല്, ശ്രേയസ് 11; കശ്മീരിനെതിരെ തകർന്നടിഞ്ഞ് മുംബൈ
text_fieldsമുംബൈ: ബോർഡർ ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനത്തിനു പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമക്ക് രഞ്ജി ട്രോഫി മത്സരത്തിലും തിരിച്ചടി. കശ്മീരിനെതിരായ മത്സരത്തിൽ 19 പന്ത് നേരിട്ട താരം മൂന്ന് റൺസുമായി പുറത്തായി. ടീം ഇന്ത്യയുടെ യുവ ഓപണർ കൂടിയായ യശസ്വി ജയ്സ്വാളിന് നാല് റൺസ് മാത്രമാണ് കണ്ടെത്താനായത്. ദേശീയ ടീമിൽ കളിച്ച പരിചയവുമായെത്തിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (12), ശ്രേയസ് അയ്യർ (11), ശിവം ദുബേ (പൂജ്യം) എന്നിവരും കശ്മീർ ബോളർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ മടങ്ങി.
പേരുകേട്ട മുംബൈ ബാറ്റിങ് നിര കശ്മീർ ബോളർമാർക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ചക്കാണ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. ടീം സ്കോർ 50 കടക്കുന്നതിനു മുമ്പ് മുംബൈക്ക് ഏഴ് വിക്കറ്റുകൾ നഷ്ടമായി. ഹാർദിക് തമൂർ (ഏഴ്), ഷംസ് മുലാനി (പൂജ്യം) എന്നിവരാണഅ പുറത്തായ മറ്റ് ബാറ്റർമാർ. എട്ടാം വിക്കറ്റിലൊന്നിച്ച ഷാർദുൽ ഠാക്കൂർ (41*), തനുഷ് കൊട്ടിയാൻ (26*) എന്നിവരാണ് മുംബൈയെ വൻ തകർച്ചയിൽനിന്ന് കരകയറ്റിയത്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ഏഴിന് 110 എന്ന നിലയിലാണ് മുംബൈ.
നാല് വിക്കറ്റ് പിഴുത ഉമർ നസീർ മിർ ആണ് മുംബൈ ബാറ്റിങ് നിരയെ കടപുഴക്കാൻ നേതൃത്വം നൽകിയത്. രോഹിത് ശർമ, ഹാർദിക് തമൂർ, രഹാനെ, ശിവം ദുബേ എന്നിവരെ പുറത്താക്കിയത് ഉമർ നസീറാണ്. യുദ്ധ്വീർ സിങ് രണ്ടും ആക്വിബ് നബി ഒരു വിക്കറ്റും സ്വന്തമാക്കി. നേരത്തെ ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.