മുംബൈക്ക് 27 വർഷത്തിനുശേഷം ഇറാനി കപ്പ്; സർഫറാസ് കളിയിലെ താരം
text_fieldsലഖ്നോ: മുംബൈക്ക് 27 വർഷത്തിനുശേഷം ഇറാനി കപ്പ്. റെസ്റ്റ് ഓഫ് ഇന്ത്യയുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും ഒന്നാം ഇന്നിങ്സിൽ 121 റൺസ് ലീഡ് നേടിയതിന്റെ മികവിലാണ് മുംബൈ കിരീടം ചൂടിയത്.
മുംബൈയുടെ 15ാം ഇറാനി കപ്പ് വിജയമാണിത്. ഒന്നാം ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറി നേടിയ സർഫറാസ് ഖാനാണ് മത്സരത്തിലെ താരം. സ്കോർ: മുംബൈ -537 & 329/8. റെസ്റ്റ് ഓഫ് ഇന്ത്യ –416. ഒന്നാം ഇന്നിങ്സിൽ അർധ സെഞ്ച്വറി നേടിയ (124 പന്തിൽ 64) തനുഷ് കൊട്ടിയാൻ രണ്ടാം ഇന്നിങ്സിൽ 114 റൺസുമായി പുറത്താകാതെ നിന്നു. ഒമ്പതാമനായി ക്രീസിലെത്തി മോഹിത് അവാസ്തിയും അർധ സെഞ്ച്വറി (93 പന്തിൽ 51) നേടി. പിരിയാത്ത ഒമ്പതാം വിക്കറ്റിൽ 158 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.
സർഫറാസ് ഖാൻ (36 പന്തിൽ 17), ഷംസ് മുലാനി (പൂജ്യം), ഷാർദുൽ ഠാക്കൂർ (അഞ്ച് പന്തിൽ രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ശനിയാഴ്ച മുംബൈക്ക് നഷ്ടമായത്. റെസ്റ്റ് ഓഫ് ഇന്ത്യക്കായി സാരാൻഷ് ജെയിൻ 28 ഓവറിൽ 121 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. മാനവ് സുതർ 28 ഓവറിൽ 78 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. സർഫറാസിന്‍റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തിൽ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോറാണ് മുംബൈ നേടിയത്. മറുപടി ബാറ്റിങ്ങിൽ അഭിമന്യു ഈശ്വർ, ധ്രുവ് ജുറേൽ എന്നിവർക്കു മാത്രമാണ് റെസ്റ്റ് ഓഫ് ഇന്ത്യയിൽ തിളങ്ങാനയത്.
ഒമ്പത് റൺസിനാണ് അഭിമന്യൂവിന് ഇരട്ട സെഞ്ച്വറി (292 പന്തിൽ 191) നഷ്ടമായത്. ജുറേൽ 121 പന്തിൽ 93 റൺസെടുത്തു. മറ്റു ബാറ്റർമാരൊക്കെ നിരാശപ്പെടുത്തിയതോടെ ടീം സ്കോർ 416ലൊതുങ്ങി. രണ്ടാം ഇന്നിങ്സിൽ റെസ്റ്റ് ഓഫ് ഇന്ത്യ മുംബൈയെ വിറപ്പിച്ചെങ്കിലും അവസാനദിനം തനുഷ് കൊട്ടിയാനും അവാസ്തിയും പ്രതിരോധിച്ചു കളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.