രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുരളി വിജയ്
text_fieldsചെന്നൈ: രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം മുരളി വിജയ്. ട്വിറ്ററിലൂടെയാണ് 38കാരൻ ഇക്കാര്യം അറിയിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഓപണറായി ഇന്ത്യൻ ജഴ്സിയിൽ തിളങ്ങിയ മുരളി വിജയ്ക്ക് 2018ന് ശേഷം ടീമിൽ അവസരം ലഭിച്ചിട്ടില്ല.
61 ടെസ്റ്റുകളിൽ രാജ്യത്തിനായി ഇറങ്ങിയ താരം 12 സെഞ്ച്വറികളും 15 അർധ സെഞ്ച്വറികളും അടക്കം 38.28 ശരാശരിയിൽ 3982 റൺസ് ആണ് നേടിയത്. 17 എകദിനത്തിൽ 339 റൺസും ഒമ്പത് ട്വന്റി 20 മത്സരങ്ങളിൽ 169 റൺസുമാണ് സമ്പാദ്യം. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിങ്‌സ്, ഡൽഹി ഡയർഡെവിൾസ്, കിങ്‌സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകൾക്ക് വേണ്ടി കളത്തിലിറങ്ങിയ മുരളി വിജയ് 106 മത്സരങ്ങളില്‍ നിന്നായി 121.87 സ്‌ട്രൈക്ക് റേറ്റിൽ 2619 റൺസാണ് നേടിയത്. രണ്ട് സെഞ്ച്വറികളും 13 അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടും.
2002 മുതൽ 2018 വരെയുള്ള തന്റെ ക്രിക്കറ്റ് കരിയറിനെ വൈകാരികമായി സൂചിപ്പിച്ചാണ് വിജയ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ജീവിതത്തിലെ ഏറ്റവും മഹത്തായ വർഷങ്ങളായിരുന്നു അതെന്നും ഇന്ത്യയെ പ്രതിനിധീകരിക്കാനായത് വലിയ അംഗീകാരമായി കാണുന്നെന്നും അദ്ദേഹം കുറിച്ചു. തനിക്ക് അവസരം തന്ന ബി.സി.സി.ഐ, തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ, ചെന്നൈ സൂപ്പർ കിങ്സ് എന്നിവർക്കെല്ലാം നന്ദിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.