സഹോദരന്‍റെ ഇന്ത്യൻ ടീം പ്രവേശനം സെഞ്ച്വറിയോടെ ആഘോഷിച്ച് മുഷീർ ഖാൻ (131); ന്യൂസിലൻഡിന് 296 റൺസ് വിജയലക്ഷ്യം
text_fieldsബ്ലോംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക): സൂപ്പർ ബാറ്റർ മുഷീർ ഖാന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ അണ്ടർ 19 ലോകകപ്പ് സൂപ്പർ സിക്സിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു.
126 പന്തിൽ 131 റൺസെടുത്താണ് മുഷീർ പുറത്തായത്. മൂന്നു സിക്സും 13 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ടൂർണമെന്‍റിലെ മുഷീറിന്‍റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. ഗ്രൂപ്പ് മത്സരത്തിൽ അയർലൻഡിനെതിരെയും താരം സെഞ്ച്വറി (106 പന്തിൽ 118) നേടിയിരുന്നു. കൂടാതെ, യു.എസ്.എക്കെതിരായ മത്സരത്തിൽ അർധ സെഞ്ച്വറിയും (73 പന്തിൽ 76 റൺസ്) നേടി. ഇതോടെ ടൂർണമെന്‍റിലെ ടോപ് സ്കോററായി താരം. നാലു മത്സരങ്ങളിൽനിന്ന് 325 റൺസാണ് നേടിയത്. 223 റൺസുമായി പാകിസ്താന്‍റെ ഷാസായിബ് ഖാനാണ് രണ്ടാമതുള്ളത്.
ഇന്ത്യക്കായി ഓപ്പണർ ആദർശ് സിങ് അർധ സെഞ്ച്വറി നേടി. 58 പന്തിൽ 52 റൺസെടുത്താണ് താരം പുറത്തായത്. അർഷിൻ കുൽകർണി (ഒമ്പത് പന്തിൽ ഒമ്പത്), നായകൻ ഉദയ് സഹാറൻ (57 പന്തിൽ 34), ആരവല്ലി അവനിഷ് (18 പന്തിൽ 17), പ്രിയൻഷു മൊളിയ (12 പന്തിൽ 10), സചിൻ ധാസ് (11 പന്തിൽ 15), മുരുഗൻ അഭിഷേക് (ആറു പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മൂന്നു റണ്ണുമായി നമൻ തിവാരിയും രണ്ടു റണ്ണുമായി രാജ് ലിംബാനിയും പുറത്താകാതെ നിന്നു. കീവീസിനായി മാസൻ ക്ലാർക്ക് നാലു വിക്കറ്റ് വീഴ്ത്തി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി 10 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് 26കാരനായ മഹാരാഷ്ട്ര താരവും മുഷീറിന്‍റെ സഹോദരനുമായ സർഫറാസ് ഖാൻ ഇന്ത്യൻ ടീമിലെത്തുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഗംഭീര ട്രാക്ക് റെക്കോഡാണ് താരത്തിനുള്ളത്. 45 മത്സരങ്ങളിൽനിന്ന് 69.85 ശരാശരിയിൽ 14 സെഞ്ച്വറിയും 11 അർധ സെഞ്ച്വറികളും ഉൾപ്പെടെ 3912 റൺസാണ് താരം നേടിയത്. 301 റൺസാണ് ഉയർന്ന സ്കോർ. ദിവസങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എ ടീമിന്റെ താരമായ സർഫറാസ് 160 പന്തിൽ 161 റൺസാണ് നേടിയത്. ഗ്രൂപ് മത്സരങ്ങളിൽ സമ്പൂർണ ജയവുമായാണ് ഇന്ത്യൻ യുവനിര സൂപ്പർ സിക്സിലെ ആദ്യ അങ്കത്തിനിറങ്ങിയത്.
ബംഗ്ലാദേശിനെ 84 റൺസിനും അയർലൻഡിനെയും യു.എസിനെയും 201 വീതം റൺസിനും ഇന്ത്യ തരിപ്പണമാക്കിയിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പ്രകടിപ്പിക്കുന്ന സംഘം ആറാം തവണയും ഇന്ത്യയിലേക്ക് കൗമാര ലോകകിരീടം എത്തിക്കാമെന്ന പ്രതീക്ഷയിലാണ്. ഫെബ്രുവരി രണ്ടിന് നേപ്പാളുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.