ചരിത്രം കുറിച്ച് മുഷ്ഫിഖുർ റഹീം; ബംഗ്ലാദേശിനായി ടെസ്റ്റിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം
text_fieldsബംഗ്ലാദേശിനായി ടെസ്റ്റ് ക്രിക്കറ്റിൽ 6000 റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ ബാറ്ററായി മുഷ്ഫിഖുർ റഹീം. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിലെ രണ്ടാം ദിനത്തിലാണ് താരം ഈ നേട്ടം കൈവരിക്കുന്നത്. ബംഗ്ലാദേശ് ഇന്നിങ്സിലെ 26ാം ഓവറിലാണ് മുഷ്ഫിഖുർ ഈ മൈൽസ്റ്റോൺ സ്വന്തമാക്കുന്നത്.
93 ടെസ്റ്റ് മത്സരങ്ങളിൽ കടുവകൾക്കായി കളത്തിലിറങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ 172 ഇന്നിങ്സിൽ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്. 2005ലാണ് മുഷ്ഫിഖുർ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ബംഗ്ലാദേശിന്‍റെ മാറ്റിവെക്കാൻ സാധിക്കാത്ത താരമായി മുഷ്ഫഖുർ റഹീം മാറിയിരുന്നു. 11 സെഞ്ച്വറിയും 27 അർധസെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. ഇതിൽ രണ്ട് ഇരട്ടശതകങ്ങളും ഉൾപ്പെടും. 5134 റൺസ് നേടിയ തമീം ഇഖ്ബാലാണ് ബംഗ്ലാദേശിനായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺ നേടിയ രണ്ടാത്തെ താരം. 4609 റൺസുമായി ഓൾറൗണ്ടർ ഷാകിബ് അൽ ഹസനും 4269 റൺസുമായി മോമിനുൽ ഹഖും മൂന്നും നാലും സ്ഥാനത്തുണ്ട്.
ഏകദിന ക്രിക്കറ്റിലും ബംഗ്ലാദേശിന്‍റെ ടോപ് സ്കോററാണ് മുഷ്ഫിഖുർ റഹീം. 271 ഏകദിനം കളിച്ച മുഷ്ഫിഖുർ 7792 റൺസ് നേടി. ഒമ്പത് സെഞ്ച്വറിയും 49 അർധസെഞ്ച്വറിയുമാണ് ഏകദിനത്തിൽ മുഷ്ഫിഖുർ നേടിയത്. എല്ലാ ഫോർമാറ്റിൽ നിന്നുമായി 15295 റൺസ് നേടികൊണ്ട് ബംഗ്ലാദേശിന്‍റെ ഉയർന്ന റൺനേട്ടക്കാരനാണ് മുഷ്ഫിഖുർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.