ഇങ്ങനെയുണ്ടോ ഒരു പുറത്താകൽ! ബംഗ്ലാദേശ് താരം മുഷ്ഫിഖുർ റഹീമിനെ ‘ഫുട്ബാൾ സ്കില്ലും’ തുണച്ചില്ല -വിഡിയോ
text_fieldsക്രിക്കറ്റിൽ ബാറ്റർമാർ പലതരത്തിൽ പുറത്താകാറുണ്ട്. എന്നാൽ ഇങ്ങനെയുണ്ടോ ഒരു പുറത്താകൽ എന്ന അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം.
ബംഗ്ലാദേശ് ബാറ്റർ മുഷ്ഫിഖുർ റഹീമാണ് വിചിത്ര രീതിയിൽ പുറത്തായത്. ധാക്കയിലെ ഷേറെ -ബംഗ്ലാ നാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരമാണ് മുഷ്ഫിഖുറിന്‍റെ വിചിത്ര പുറത്താകലിന് സാക്ഷിയായത്. കീവീസ് താരം ലോക്കി ഫെർഗൂസൺ എറിഞ്ഞ 16ാം ഓവറിലെ പന്തിൽ മുഷ്ഫിഖുർ ഡിഫൻസീവ് ഷോട്ടാണ് കളിച്ചത്. എന്നാൽ, ബാറ്റിൽ തട്ടി പിച്ചിൽ വീണ പന്ത് സ്റ്റെമ്പിന് നേരെ പോകുന്നത് കാലുകൊണ്ട് താരം തടയാൻ ശ്രമിച്ചു.
എന്നാൽ, അബദ്ധത്തിൽ താരത്തിന്‍റെ കാല് സ്റ്റെമ്പിൽ ചവിട്ടിപോയി. 25 പന്തിൽ 18 റൺസെടുത്താണ് താരം പുറത്തായത്. താരത്തിന്‍റെ ഔട്ട് ഏത് ഗണത്തിൽപെടുത്തണമെന്ന കാര്യത്തിൽ അമ്പയർക്ക് ചെറിയ ആശയക്കുഴപ്പം ഉണ്ടായെങ്കിലും ഒടുവിൽ ബൗൾഡായി പ്രഖ്യാപിക്കുകയായിരുന്നു. താരം പുറത്താകുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
നേരത്തെ, ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കീവീസ് ബൗളിങ്ങിനു മുന്നിൽ തകർന്നടിഞ്ഞ ആതിഥേയർ 34.3 ഓവറിൽ 171 റൺസിന് പുറത്തായി. പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരം ജയിച്ച ന്യൂസിലൻഡ് പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. മൂന്നാം ഏകദിനവും ജയിച്ച് 15 വർഷത്തിനുശേഷം ബംഗ്ലാദേശിൽ ആദ്യ പരമ്പര വിജയമാണ് സന്ദർശകർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.