മുഷ്താഖ് അലി ട്രോഫി: മിന്നിച്ച് ഉത്തപ്പയും സഞ്ജുവും; കേരളത്തിന് ആവേശജയം
text_fieldsന്യൂഡൽഹി: മുഷ്താഖ് അലി ട്രോഫിയിൽ ആദ്യ ദിനം ഗുജറാത്തിനോടേറ്റ തോൽവിക്ക് ബിഹാറിനോട് പകരം വീട്ടി കേരളം. ബിഹാർ ഉയർത്തിയ 131 റൺസ് എന്ന ശരാശരി ടോട്ടൽ 14.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് കേരളം ഗ്രൂപ്പിൽ ഏഴുവിക്കറ്റ് ജയവുമായി പ്രതീക്ഷ നിലനിർത്തിയത്.
ആദ്യം ബാറ്റുചെയ്ത ബിഹാർ എസ്. ഗനി കുറിച്ച അർധ സെഞ്ച്വറിയുടെ കരുത്തിൽ 131 റൺസ് സ്വന്തമാക്കിയപ്പോൾ റോബിൻ ഉത്തപ്പയും മുഹമ്മദ് അസ്ഹറുദ്ദീനും തുടക്കമിട്ട കേരളത്തിെൻറ മറുപടി ബാറ്റിങ് എല്ലാം ഉറപ്പിച്ചായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീനും പിറകെയെത്തിയ റോജിത്തും രണ്ടക്കം കടക്കാതെ അതിവേഗം മടങ്ങിയെങ്കിലും ഒരു വശത്ത് ഉത്തപ്പയും മറുവശത്ത് കഴിഞ്ഞ ദിവസത്തെ ആവേശവുമായി സഞ്ജു സാംസണും മനോഹര ഇന്നിങ്സുകളുമായി കളി കൈയിലെടുത്തു. ഉത്തപ്പ 35 പന്തിലാണ് 57 റൺസിലെത്തിയതെങ്കിൽ 20 പന്ത് മാത്രം നേരിട്ട സഞ്ജു 45 റൺസുമായി പുറത്താകാതെ നിന്നു.
വിജയത്തോടെ ഗ്രൂപ് ഡിയിൽ കേരളം നാലു പോയൻറുമായി മൂന്നാമതാണ്. കളിച്ച രണ്ടും വിജയിച്ച് മധ്യപ്രദേശും കേരളത്തിനെതിരെ വിജയിച്ച ഗുജറാത്ത് രണ്ടാമതുമാണ്.
ആദ്യ മത്സരത്തിൽ കേരളത്തെ ആദ്യം എറിഞ്ഞുവീഴ്ത്തിയും പിന്നീട് ബാറ്റെടുത്തും ആധികാരികമായിട്ടാണ് ഗുജറാത്ത് വീഴ്ത്തിയിരുന്നത്. ആദ്യം ബാറ്റു ചെയ്ത കേരളത്തെ 123 റൺസിലൊതുക്കിയ ഗുജറാത്തിനുവേണ്ടി പ്രിയങ്ക് പഞ്ചലും സൗരവും ചൗഹാനും അർധ സെഞ്ച്വറികളുമായി കളംനിറഞ്ഞപ്പോൾ 15.3 ഓവറിൽ കളി അവസാനിച്ചു. സഞ്ജു സാംസൺ അർധ സെഞ്ച്വറി പൂർത്തിയാക്കിയതു മാത്രമായിരുന്നു കേരളത്തിന് എടുത്തുകാണിക്കാവുന്ന നേട്ടം. രണ്ടാമത്തെ കളിയിലും സഞ്ജു പുറത്താകാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.