മുഷ്താഖലി ട്വന്റി20; വിജയക്കുതിപ്പ് തുടർന്ന് കേരളം; ചണ്ഡിഗഢിനെ ഏഴു റൺസിന് തോൽപിച്ചു
text_fieldsമുംബൈ: സയ്യിദ് മുഷ്താഖലി ട്വന്റി20 ക്രിക്കറ്റിൽ കേരളത്തിന് ഗ്രൂപ് ബിയിൽ തുടർച്ചയായ നാലാം ജയം. ചണ്ഡിഗഢിനെ ഏഴു റൺസിനാണ് കേരളം മറികടന്നത്. ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റിന് 193 റൺസ് നേടി.
എതിരാളികൾക്ക് ആറു വിക്കറ്റിന് 186 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റൻ സഞ്ജു സാംസൺ 52 റൺസുമായി കേരളത്തിന്റെ ബാറ്റിങ്ങിൽ കരുത്തായി. ഓപണർമാരായ രോഹൻ കുന്നുമ്മൽ 30ഉം പുതുമുഖം വരുൺ നായനാർ 47ഉം റൺസെടുത്തു. ഇരുവരും 70 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുയർത്തി. വിഷ്ണു വിനോദുമായി (42) ചേർന്ന് 57ഉം അബ്ദുൽ ബാസിതിനൊപ്പം (ആറ്) 42ഉം റൺസിന്റെ പാർട്ണർഷിപ്പായിരുന്നു സഞ്ജുവിന്റേത്. ചണ്ഡിഗഢിന്റെ ക്യാപ്റ്റൻ കൂടിയായ ഓപണർ മനൻ വോറ 95 റൺസ് നേടി.
ബേസിൽ തമ്പിയും വിനോദ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബി ഗ്രൂപ്പിൽ നാല് കളികളിൽ നിന്ന് കേരളം 16 പോയന്റുമായി ഒന്നാമതാണ്. 12 പോയന്റുള്ള ഹിമാചൽപ്രദേശാണ് രണ്ടാമത്. തിങ്കളാഴ്ച സിക്കിമാണ് കേരളത്തിന്റെ അടുത്ത എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.