കുതിപ്പ് അവസാനിച്ചു; കേരളം ക്വാർട്ടറിൽ പുറത്ത്
text_fieldsന്യൂഡൽഹി: റൺ മഴ പെയ്ത മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ തമിഴ്നാടിനോട് തോറ്റ് കേരളം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സെമി ഫൈനൽ കാണാതെ പുറത്തായി. ക്വാർട്ടർ ഫൈനലിൽ അഞ്ചു വിക്കറ്റിനായിരുന്നു തമിഴ്നാടിെൻറ ജയം. ആദ്യം ബാറ്റുചെയ്ത കേരളം 20 ഓവറിൽ നാലു വിക്കറ്റിന് 181 റൺസെടുത്തപ്പോൾ തമിഴ്നാട് മൂന്നു പന്ത് ബാക്കിയിരിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
വെറും 26 പന്തിൽ പുറത്താവാതെ 65 റൺസടിച്ച വിഷ്ണു വിനോദിെൻറ കരുത്തിലാണ് കേരളം മികച്ച ടോട്ടലുയർത്തിയത്. ഏഴു സിക്സും രണ്ടു ഫോറുമടങ്ങിയതായിരുന്നു വിഷ്ണു വിനോദിെൻറ ഇന്നിങ്സ്. രോഹൻ കുന്നുമ്മൽ (43 പന്തിൽ 51), സചിൻ ബേബി (33), മുഹമ്മദ് അസ്ഹറുദ്ദീൻ (15) എന്നിവരും സംഭാവന നൽകിയപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസൺ പൂജ്യനായി മടങ്ങി.
മറുപടി ബാറ്റിങ്ങിൽ സായി സുദർശൻ (31 പന്തിൽ 46), ക്യാപ്റ്റൻ വിജയ് ശങ്കർ (26 പന്തിൽ 33), സഞ്ജയ് യാദവ് (22 പന്തിൽ 32), ഷാറൂഖ് ഖാൻ (9 പന്തിൽ പുറത്താവാതെ 19) എന്നിവരാണ് തമിഴ്നാടിന് ജയമൊരുക്കിയത്. മറ്റെല്ലാ ബൗളർമാരും തല്ലുവാങ്ങിയപ്പോൾ നാലു ഓവറിൽ 26 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ യു. മനുകൃഷ്ണൻ മാത്രമാണ് കേരള ബൗളിങ്ങിൽ തിളങ്ങിയത്.
മറ്റു ക്വാർട്ടറുകളിൽ കർണാടക സൂപ്പർ ഓവറിൽ ബംഗാളിനെയും ഹൈദരാബാദ് ഗുജറാത്തിനെയും വിദർഭ രാജസ്ഥാനെയും തോൽപിച്ചു. ശനിയാഴ്ച നടക്കുന്ന സെമിയിൽ തമിഴ്നാട് ഹൈദരാബാദിനെയും വിദർഭ കർണാടകയെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.