സചിനെയല്ല, പേടിച്ചത് ആ ഇന്ത്യൻ താരത്തെ, മഹാ അപകടകാരിയായിരുന്നു -മുരളീധരൻ
text_fieldsകൊളംബോ: വിരലുകളിൽ ഒളിപ്പിച്ച പന്തിലേക്ക് ഇന്ദ്രജാലം പകർന്നുനൽകി ബാറ്റ്സ്മാന്മാരെ കറക്കിവീഴ്ത്തുന്നതിൽ വിദഗ്ധനായിരുന്നു ഇതിഹാസ ഓഫ്സ്പിന്നർ മുത്തയ്യ മുരളീധരൻ. 19 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ 1347 വിക്കറ്റുമായി ലോകത്തുടനീളമുള്ള ബാറ്റ്സ്മാന്മാരെ വെള്ളംകുടിപ്പിച്ച മുരളീധരനെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയ ബാറ്റ്സ്മാൻ ആരായിരിക്കും?
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി വിശേഷിപ്പിക്കപ്പെടുന്ന സചിൻ ടെണ്ടുൽകർ എന്നായിരിക്കും പൊതുവെ ഉത്തരം. എന്നാൽ, അങ്ങനെയല്ല. സചിനെക്കാൾ താൻ ഭയപ്പെട്ടിരുന്നത് ഏതുസമയവും വിസ്ഫോടനശേഷിയുള്ള ബാറ്റിങ്ങിെൻറ ഉടമ വീരേന്ദർ സെവാഗിനെയായിരുന്നുവെന്ന് മുരളി തന്നെ പറയുന്നു.
''സചിൻ തെൻറ വിക്കറ്റ് സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന നൽകും. ഏത് പന്തും മനസ്സിലാക്കുന്നതിലും മിടുക്കൻ. പക്ഷേ, ഓഫ്സ്പിന്നിനെതിരെ സചിന് ചെറിയ ദൗർബല്യമുണ്ടായിരുന്നു. അതിനാൽതന്നെ സചിനെ എനിക്ക് ഭയമുണ്ടായിരുന്നില്ല. എന്നാൽ, സെവാഗ് അങ്ങനെയല്ല. അയാൾ മഹാഅപകടകാരിയായിരുന്നു. സെവാഗിന് എപ്പോഴും ഡീപ്പിൽ ഞാൻ ഫീൽഡർമാരെ നിർത്തുമായിരുന്നു. കാരണം, തെൻറ ദിവസം അയാൾക്ക് ഒരു ബൗളറും എതിരാളിയല്ല. അയാൾ ആക്രമിച്ചുകൊണ്ടേയിരിക്കും. ഡിഫൻസിവ് ഫീൽഡിങ് വിന്യസിച്ച് അയാൾ പിഴവുവരുത്താൻ കാത്തിരിക്കുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്'' -മുരളി പറഞ്ഞു.
രണ്ടു മണിക്കൂർ ക്രീസിൽ നിന്നാൽ 150ഉം ദിവസം മുഴുവൻ ബാറ്റുചെയ്താൽ 300ഉം കടക്കുന്ന സെവാഗിെൻറ ബാറ്റിനെ അതിനാൽ തന്നെ എതിരാളികൾ ഏറെ ഭയന്നിരുന്നുവെന്നും മുരളി കൂട്ടിച്ചേർത്തു. വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയായിരുന്നു പന്തെറിയാൻ ബുദ്ധിമുട്ടുള്ള മറ്റൊരു ബാറ്റ്സ്മാനെന്നും മുരളി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.