കളത്തിലിറങ്ങിയില്ലെങ്കിലും ലോക കിരീട നേട്ടത്തിൽ അഭിമാനമായി നജ്ല
text_fieldsതിരൂർ: ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ഐ.സി.സി അണ്ടർ 19 വനിത ക്രിക്കറ്റ് ലോകകപ്പിൽ കിരീടം ഉയർത്തി ഇന്ത്യ ചരിത്രം കുറിച്ചപ്പോൾ മലയാളികൾക്കും പ്രത്യേകിച്ച് തിരൂരുകാർക്കും അഭിമാനിക്കാം.
ലോകകപ്പിൽ കളത്തിലിറങ്ങാനായില്ലെങ്കിലും പ്രഥമ അണ്ടർ 19 വനിത ക്രിക്കറ്റ് ലോകകിരീടത്തിൽ ഇന്ത്യ മുത്തമിട്ടപ്പോൾ ടീമിലെ റിസർവ് താരമായിരുന്നു തിരൂർ സ്വദേശിനിയായ നജ്ല. പ്രഥമ ലോക കിരീടം നേടിയ ഇന്ത്യൻ ടീമിൽ ഇടംപിടിക്കാനായത് ഭാഗ്യമായാണ് നജ്ല കാണുന്നത്. ലോക കിരീടത്തിൽ മുത്തമിടാനായതും നജ്ലയെ ആവേശം കൊള്ളിക്കുന്നു.
ചലഞ്ചർ ട്രോഫിയിലും കോർ ട്രയാങ്കിൾ ടൂർണമെന്റിലും കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഇന്ത്യൻ റിസർവ് ടീമിലിടം ഉറപ്പിച്ചത്. നേരത്തെ, ഗോവയിൽ നടന്ന ചലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ നയിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു.
ഒരു കേരള താരം ആദ്യമായി ചലഞ്ചർ ട്രോഫിയിൽ ഇന്ത്യയുടെ ക്യാപ്റ്റനാവുകയെന്ന നേട്ടമാണ് താരം ചലഞ്ചർ ട്രോഫിയിലൂടെ സ്വന്തമാക്കിയിരുന്നത്. അഞ്ച് വർഷമായി കെ.സി.എക്കു കീഴിലുള്ള വയനാട് ക്രിക്കറ്റ് അക്കാദമിയിലാണ് നജ്ല പരിശീലനം നടത്തി കൊണ്ടിരിക്കുന്നത്.
ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിനിയാണ്. ഓൾ റൗണ്ടറാണെങ്കിലും ബൗളിങ്ങാണ് നജ്ലയുടെ കുന്തമുന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.