നമീബിയ ഒരുചെറിയ മീനല്ല; അയർലൻഡിനെ തകർത്ത് സൂപ്പർ 12ൽ
text_fieldsഷാർജ: ട്വന്‍റി20 ലോകകപ്പിൽ ചരിത്രം രചിച്ച് നമീബിയ. ടെസ്റ്റ് പദവിയുള്ള രാജ്യമായ അയർലൻഡിനെ എട്ടുവിക്കറ്റിന് തകർത്ത് നമീബിയ ട്വന്‍റി20 ലോകകപ്പിന്‍റെ സൂപ്പർ 12ലേക്ക് മുന്നേറി. ആദ്യമായാണ് നമീബിയ ഒരുമേജർ ടൂർണമെന്‍റിന്‍റെ രണ്ടാം റൗണ്ടിലെത്തുന്നത്.
ഷാർജയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത അയർലൻഡിനെ നമീബിയ 20 ഓവറിൽ എട്ടിന് 125 റൺസെന്ന സ്കോറിൽ ഒതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ 18.3 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം നേടി.
രണ്ട് വിക്കറ്റ് വീഴ്ത്തുകയും 14 പന്തിൽ 28 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയും ചെയ്ത നമീബിയയുടെ ഡേവിഡ് വീസാണ് കളിയിലെ താരം.
ആദ്യം ബാറ്റുചെയ്ത അയർലൻഡിനായി പോൾ സ്റ്റിർലിങ് (38), കെവിൻ ഒബ്രീൻ (25), ആൻഡി ബാൽബിർനി (21) എന്നീ മുൻനിര ബാറ്റ്സ്മാൻമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. നമീബിയക്കായി ജാൻ ഫ്രിലിങ്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജെ.ജെ. സ്മിത്തും ബെർണാഡ് ഷോട്ട്സും ഓരോ വിക്കറ്റെടുത്തു.
നമീബിയക്കായി വീസിനെ കൂടാതെ നായകൻ ജെർഹാർഡ് എറസ്മസ് (53 നോട്ടൗട്ട്), സേൻ ഗ്രീൻ (24), ക്രൈഗ് വില്യംസ് (15) എന്നിവരും ബാറ്റുകൊണ്ട് തിളങ്ങി.
ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് നാലുപോയിന്‍റുമായി ശ്രീലങ്കയാണ് ഒന്നാമത്. മൂന്ന് മത്സരങ്ങളിൽ നിന്ന് നാലുപോയിന്‍റുമായി നമീബിയയാണ് രണ്ടാമത്. ഗ്രൂപ്പ് ബിയിൽ നിന്ന് സ്കോട്ട്ലൻഡും ബംഗ്ലാദേശുമാണ് സൂപ്പർ 12ലേക്ക് മുന്നേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.