നിർണായക സിക്സുകൾ നേടിയ നസീം ഷായുടെ ബാറ്റ് ലേലത്തിന്; പണം ഇതിനുവേണ്ടി ഉപയോഗിക്കും
text_fieldsദുബൈ: ഏഷ്യ കപ്പ് ചരിത്രത്തിൽ ആവേശം വാനോളമുയർന്ന മത്സരങ്ങളിലൊന്നായിരുന്നു സൂപ്പർ ഫോറിലെ പാകിസ്താൻ-അഫ്ഗാൻ പോരാട്ടം. അഫ്ഗാനെ ഒരു വിക്കറ്റിന്റെ നേരിയ വ്യത്യാസത്തിൽ മറികടന്നാണ് പാകിസ്താൻ ടൂർണമെന്‍റിൽ കലാശപോരിന് യോഗ്യത നേടിയത്.
ജയപരാജയം മാറിമറിഞ്ഞ മത്സരത്തിൽ, അവസാന ഓവറിൽ വാലറ്റക്കാരൻ നസീം ഷായുടെ ഇരട്ട സിക്സുകളാണ് പാക്കിസ്താന് നിർണായക വിജയം സമ്മാനിച്ചത്. ഫസൽഹഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറിൽ ഒരേയൊരു വിക്കറ്റ് ബാക്കിനിൽക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 11 റൺസായിരുന്നു. നസീം ഷാ ആദ്യ രണ്ടു പന്തുകളും സിക്സിലേക്ക് പറത്തിയാണ് പകിസ്താന് വിജയം സമ്മാനിച്ചത്.
വിജയത്തിന്‍റെ വക്കിൽനിന്ന് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിന്‍റെ നിരാശ അഫ്ഗാൻ താരങ്ങളുടെ മുഖത്ത് പ്രകടമായിരുന്നു. അന്നു രാത്രി ഉറക്ക ഗുളിക കയിക്കേണ്ടി വന്നതായി നായകൻ മുഹമ്മദ് നബി തന്നെ വെളിപ്പെടുത്തിയിരുന്നു. നസീം സിക്സുകൾ നേടിയ ബാറ്റ് അദ്ദേഹത്തിന് സഹതാരമായ മുഹമ്മദ് ഹസ്നൈൻ സമ്മാനിച്ചതാണ്. ഈ ബാറ്റ് ലേലം ചെയ്യാനുള്ള ഒരുക്കത്തിലാണ് താരം.
ബാറ്റ് ലേലം ചെയ്യുമെന്നും ഇതിൽനിന്ന് ലഭിക്കുന്ന തുകയുടെ പകുതി രാജ്യത്തെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കുമെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്‍റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ താരം പറഞ്ഞു. പാകിസ്താന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും പ്രളയത്തിൽ മുങ്ങിയിരുന്നു. വീടുകളും ഉപജീവനമാർഗങ്ങളും ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്ന ജനത്തിന്‍റെ ചിത്രം ആരുടെയും ഉള്ളുലക്കുന്നതായിരുന്നു.
ഔദ്യോഗിക കണക്കുകൾ പ്രകാരം 1,400 ജീവനുകളാണ് പ്രളയത്തിൽ പൊലിഞ്ഞത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്കയാണ് പാകിസ്താന്‍റെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.